വാഷിംഗ്ടൺ: പ്രതീക്ഷിച്ചതിലും കുറഞ്ഞ തൊഴിൽ വളർച്ചാ നിരക്ക് കാണിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്ന്, യു.എസ്. ലേബർ ഡിപ്പാർട്ട്മെൻ്റിൻ്റെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷണർ എറിക്ക മക്എൻ്റർഫറെ പിരിച്ചുവിട്ട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ജൂലൈയിലെ തൊഴിൽ വളർച്ചാ ഡാറ്റ പ്രതീക്ഷിച്ചതിലും ദുർബലമാണെന്നും, മുൻ മാസങ്ങളിലെ കണക്കുകൾ താഴേക്ക് പതിച്ചെന്നും കാണിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ ഈ നടപടി.
ജോലി കണക്കുകൾ വ്യാജമാണെന്ന് ആരോപിച്ചുകൊണ്ടാണ് മക്എൻ്റർഫറെ ട്രംപ് പിരിച്ചുവിട്ടത്. 2023-ൽ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ നോമിനിയായിട്ടാണ് എറിക്ക മക്എൻ്റർഫർ ഈ സ്ഥാനത്തേക്ക് വന്നത്. അടുത്ത വർഷം യു.എസ്. സെനറ്റ് അവരുടെ നിയമനം സ്ഥിരീകരിക്കുകയായിരുന്നു. മക്എൻ്റർഫർ യഥാർത്ഥത്തിൽ പിരിച്ചുവിടപ്പെട്ടോ എന്ന് ഉടൻ വ്യക്തമായില്ല.
യുഎസ് തൊഴിൽ വിപണി ജൂലൈ മാസത്തിൽ ഗണ്യമായി ദുർബലമായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തൊഴിൽ വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ 73,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് കൂട്ടിച്ചേർക്കപ്പെട്ടത്. കൂടാതെ, മെയ്, ജൂൺ മാസങ്ങളിലെ തൊഴിൽ കണക്കുകൾ 258,000 ആയി കുറച്ചു. ഇതോടെ മെയ് മാസത്തിലെ കണക്കുകൾ 19,000 ആയും ജൂണിലെ കണക്കുകൾ 14,000 ആയും പുനഃക്രമീകരിച്ചു.