വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഏർപ്പെടുത്തിയ അധിക താരിഫുകൾ ചൈനയ്ക്കെതിരെയും ചുമത്തിയേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
“അത് സംഭവിക്കാൻ സാധ്യതയുണ്ട്… ഇപ്പോൾ എനിക്ക് പറയാൻ കഴിയില്ല,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “നമ്മൾ ഇന്ത്യയുടെ കാര്യത്തിൽ അത് ചെയ്തു. ഒരുപക്ഷേ മറ്റ് ചില രാജ്യങ്ങളുടെ കാര്യത്തിലും ചെയ്യും. അതിലൊന്ന് ചൈനയാകാം.” റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ചൈനയെക്കുറിച്ചുള്ള ഈ പ്രസ്താവന.
കഴിഞ്ഞ ദിവസം, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക താരിഫ് ചുമത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി ഉയർന്നു. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായ ചൈനയെ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിരുന്നു. എങ്കിലും, കഴിഞ്ഞ ആഴ്ച സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വെച്ച് നടന്ന ചർച്ചകളിൽ ചൈന റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ താരിഫ് നേരിടേണ്ടി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ചൈന റഷ്യക്ക് 15 ബില്യൺ ഡോളറിലധികം വില വരുന്ന ‘ഡ്യുവൽ-യൂസ്’ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതിലും, ഉപരോധം നേരിടുന്ന ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിലും യു.എസ്. ആശങ്ക പ്രകടിപ്പിച്ചു. ഈ ഉപകരണങ്ങൾ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചെന്നും യുഎസ് ആരോപിക്കുന്നു.