ആശങ്കയോടെ ലോകം; മനുഷ്യാവകാശ രേഖകളുടെ ആഗോള അവലോകനത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് യുഎസ്

ആശങ്കയോടെ ലോകം; മനുഷ്യാവകാശ രേഖകളുടെ ആഗോള അവലോകനത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് യുഎസ്

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ രേഖകളുടെ ആഗോള അവലോകനത്തിൽ നിന്ന് അമേരിക്ക പിന്മാറുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള അന്താരാഷ്ട്രപരമായ ഇടപെടലുകളിൽ നിന്ന് വാഷിംഗ്ടൺ പിൻവാങ്ങുന്നത് ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ട്രംപ് ഫെബ്രുവരി നാലിന് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. “ഈ അവലോകനത്തിൽ പങ്കെടുക്കുന്നത് മനുഷ്യാവകാശ കൗൺസിലിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാണ്. വലിയ മനുഷ്യാവകാശ ലംഘകരെ പോലും അപലപിക്കാൻ ഈ കൗൺസിലിന് സാധിക്കുന്നില്ല,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നവംബറിൽ നടക്കാനിരുന്ന ഈ അവലോകനത്തിൽ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനം ജനീവയിലെ യുഎസ് മിഷൻ അറിയിച്ചതായി യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെയും മനുഷ്യാവകാശ ഓഫീസിന്റെയും വക്താക്കൾ സ്ഥിരീകരിച്ചു. നിലവിലെ രേഖകൾ പ്രകാരം, ഈ അവലോകനത്തിന് റിപ്പോർട്ട് സമർപ്പിക്കാത്ത ആദ്യ രാജ്യമായി യുഎസ് മാറിയേക്കാം. ഓരോ 4.5 മുതൽ 5 വർഷം കൂടുമ്പോഴും എല്ലാ 193 യുഎൻ അംഗരാജ്യങ്ങളും അവരുടെ മനുഷ്യാവകാശ രേഖകൾ അവലോകനത്തിനായി സമർപ്പിക്കാറുണ്ട്. ഇത് മറ്റ് അംഗരാജ്യങ്ങൾ വിലയിരുത്തി നിയമപരമല്ലാത്ത ശുപാർശകൾ നൽകും.

Share Email
LATEST
Top