വാഷിംഗ്ടൺ: മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ എൽ സാൽവദോർ, ഇസ്രായേൽ, റഷ്യ എന്നീ രാജ്യങ്ങൾക്കെതിരെയുള്ള വിമർശനം കുറയ്ക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കരട് മനുഷ്യാവകാശ റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ റിപ്പോർട്ട്.
ഡോണൾഡ് ട്രംപ് ജനുവരിയിൽ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം തയ്യാറാക്കിയ ഈ രാജ്യങ്ങളെക്കുറിച്ചുള്ള കരട് റിപ്പോർട്ടുകൾ, മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം തയ്യാറാക്കിയതിനെക്കാൾ വളരെ ചെറുതാണ്.
കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ വർഷത്തെ ഔദ്യോഗിക റിപ്പോർട്ടുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാധാരണയായി ഈ വാർഷിക റിപ്പോർട്ടുകൾ മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിലാണ് പുറത്തിറക്കാറുള്ളത്. 2024ലെ മനുഷ്യാവകാശ റിപ്പോർട്ട് പുനഃക്രമീകരിച്ചിട്ടുണ്ട്. അനാവശ്യ വിവരങ്ങൾ ഒഴിവാക്കി, റിപ്പോർട്ട് വായിക്കാൻ എളുപ്പമുള്ളതാക്കുകയും നിയമപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ഘടനയെന്ന് റിപ്പോർട്ടർമാർക്കായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ ഒരു യോഗത്തിൽ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓരോ രാജ്യത്തും നടന്ന എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ഓരോ രാജ്യത്തെയും മനുഷ്യാവകാശങ്ങളുടെ പൊതുവായ അവസ്ഥയെക്കുറിച്ചുള്ള ഒരു ചിത്രമാണ് ഇത് നൽകുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.