അന്ധവിശ്വാസ വിരുദ്ധ നിയമം: നാലാഴ്ചക്കകം നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

അന്ധവിശ്വാസ വിരുദ്ധ നിയമം: നാലാഴ്ചക്കകം നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ തടയാൻ പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള പ്രാരംഭ നടപടികൾ നാലാഴ്ചക്കകം സ്വീകരിക്കണമെന്ന് ഹൈക്കോടതി കേരള സർക്കാരിന് നിർദേശം നൽകി. കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഒക്ടോബർ 7-ന് ഹർജി വീണ്ടും പരിഗണിക്കും.

മന്ത്രിസഭയിലെ അഭിപ്രായഭിന്നത കാരണം നേരത്തെ മാറ്റിവച്ച ‘കേരള പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക്ക്മാജിക് ബിൽ, 2022’-ന് പകരമായാണ് പുതിയ നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമങ്ങൾ മാതൃകയാക്കിയാവും പുതിയ നിയമം രൂപീകരിക്കുക. ഇക്കാര്യങ്ങൾ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഇലന്തൂർ ഇരട്ടനരബലി കേസിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ഈ ബിൽ, നിയമപരവും ഭരണഘടനാപരവുമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി 2023 ജൂലൈ 5-ന് ചേർന്ന മന്ത്രിസഭാ യോഗം മാറ്റിവയ്ക്കുകയായിരുന്നു. മന്ത്രിസഭാ ചർച്ചകൾ രഹസ്യാത്മകമായതിനാൽ അത് വെളിപ്പെടുത്താനാകില്ലെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

പുതിയ അന്ധവിശ്വാസ വിരുദ്ധ നിയമം രൂപീകരിക്കുന്നതിന് സാമൂഹ്യനീതി, പോലീസ്, ആരോഗ്യ വകുപ്പുകളുടെയും അഡ്വക്കേറ്റ് ജനറലിന്റെയും അഭിപ്രായങ്ങൾ തേടേണ്ടതുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. അതിനാൽ അന്തിമരൂപം നൽകാൻ സമയമെടുക്കും. ഇത് പരിഗണിച്ചാണ് പ്രാരംഭ നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശം നൽകിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭിചാരവുമായി ബന്ധപ്പെട്ട് 38 കേസുകൾ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഭാരതീയ ന്യായസംഹിത, പോലീസ് ആക്ട്, പോക്സോ നിയമം, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് തുടങ്ങിയ നിയമങ്ങൾ പ്രകാരം ഫലപ്രദമായ വിചാരണ നടക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Anti-Superstition Act: High Court directs action to be taken within four weeks

Share Email
Top