ചെന്നൈ: രാജ്യത്തെ നടുക്കിയ മഹാ ദുരന്തമായി വിജയ് യുടെ കരൂർ റാലി. അപ്രതീക്ഷിതമായുണ്ടായ തിക്കിലും തിരക്കിലും 40 ഓളം പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിന്‍റെ വേദന പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. നിർഭാഗ്യകരമായ സംഭവമെന്നാണ് മോദി അഭിപ്രായപ്പെട്ടത്. കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ സഹായവും എത്തിക്കുമെന്നും മോദി അറിയിച്ചു. ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെയെന്ന പ്രാർത്ഥനയും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.
‘തമിഴ്നാട്ടിലെ കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുഷ്‌ക്കരമായ ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ – മോദി കുറിച്ചു.
അതേസമയം കരൂർ ദുരന്തത്തിൽ പരിക്കേറ്റ 58 പേർ ആശുപത്രിയിലാണ്. ഇവരിൽ 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവികെ റാലിയുടെ ഭാഗമായി വിജയ് എത്തുന്നതറിഞ്ഞ് ആയിരങ്ങളായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിജയ്‌യെ കാണാന്‍ റാലി നടക്കുന്ന പ്രദേശത്ത് എത്തിയിരുന്നു. കനത്ത തിരക്കില്‍ പലരും കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു.
നിശ്ചയിച്ചതിലും വൈകിയായിരുന്നു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആറുമണിക്കൂറോളമാണ് ജനങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്. വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തുന്നത്. ഇതോടെ വിജയ് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. ജനബാഹുല്യം മൂലം അപകട സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്താന്‍ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ നടത്തേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.