വാഷിംഗ്ടണ്‍: കരീബിയൻ കടലിൽ വെച്ച് വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് ബോട്ടിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ഈ ആക്രമണത്തെ വിമർശകർ ഒരു യുദ്ധക്കുറ്റമായി വിളിച്ചാൽ തനിക്ക് ഒന്നും തോന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
വെനസ്വേലയിൽ നിന്ന് വന്ന ഒരു ബോട്ട് ആക്രമണത്തിൽ തകർന്നതായും 11 പേർ കൊല്ലപ്പെട്ടതായും ഭരണകൂടം സ്ഥിരീകരിച്ചതിന് പിന്നാലെ, ശനിയാഴ്ച എക്സിൽ വാൻസ് ഇങ്ങനെ കുറിച്ചു: “നമ്മുടെ പൗരന്മാരെ വിഷം കൊടുത്ത് കൊല്ലുന്ന കാർട്ടൽ അംഗങ്ങളെ കൊല്ലുന്നത് നമ്മുടെ സൈന്യത്തിന്റെ ഏറ്റവും മികച്ച ഉപയോഗമാണ്.”
ഈ കപ്പൽ അടുത്തിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ട്രെൻ ഡി അരഗ്വ സംഘത്തിൽപ്പെട്ടതാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. യുഎസിലേക്ക് മയക്കുമരുന്ന് കയറ്റിയയക്കാൻ ഈ സംഘം വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചു.
“ഒരു രാജ്യത്തിലെ പൗരന്മാരായ സാധാരണക്കാരെ നിയമപരമായ നടപടികളില്ലാതെ കൊല്ലുന്നത് യുദ്ധക്കുറ്റമാണെന്ന്” രാഷ്ട്രീയ നിരൂപകനായ ബ്രയാൻ ക്രാസെൻസ്റ്റീൻ എക്സിൽ വാദിച്ചു. ഇതിന് മറുപടിയായി വാൻസ്, “നിങ്ങൾ അതിനെ എന്ത് വിളിച്ചാലും എനിക്കൊരു ചുക്കുമില്ല” എന്ന് മറുപടി നൽകി.