ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പലസ്തീൻ അധികൃതർക്ക് അമേരിക്ക വിസ നിഷേധിച്ചതിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ചതിൽ ഖേദം രേഖപ്പെടുത്തിയാണ് എർദോഗാൻ പ്രസംഗം ആരംഭിച്ചത്. “8.6 കോടി തുർക്കി ജനതയ്ക്കും നിശബ്ദരാക്കപ്പെട്ട പലസ്തീൻ സഹോദരങ്ങൾക്കും വേണ്ടി ഞാൻ ഇവിടെ നിൽക്കുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് നന്ദി പറയുന്നു. അംഗീകരിക്കാത്തവർ എത്രയും വേഗം അത് ചെയ്യണം,” എർദോഗാൻ ആവശ്യപ്പെട്ടു.
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ “വംശഹത്യ” എന്ന് വിശേഷിപ്പിച്ച എർദോഗാൻ, 250-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി. എല്ലാ പ്രവേശന കവാടങ്ങളും അടച്ചിട്ടും ഇസ്രയേൽ ആക്രമണങ്ങൾ മറച്ചുവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വംശഹത്യയിലേക്ക് ശ്രദ്ധ ക്ഷണിച്ചെങ്കിലും, യു.എൻ ഉദ്യോഗസ്ഥർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് എർദോഗാൻ വിമർശിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടെ നൂറുകണക്കിന് രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ ദുരിതജീവിതം ചിത്രങ്ങൾ ഉയർത്തിക്കാട്ടി എർദോഗാൻ വിവരിച്ചു.
“ഭക്ഷണത്തിനായി പാത്രവുമായി നിൽക്കുന്നവരും പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളും ഗാസയിലെ യാഥാർഥ്യമാണ്. 23 മാസമായി ഇത് തുടരുന്നു. കുട്ടികൾ പട്ടിണിയും മരുന്നില്ലായ്മയും മൂലം മരിക്കുന്ന ഈ ലോകത്ത് എങ്ങനെ സമാധാനമുണ്ടാകും?” എർദോഗാൻ ചോദിച്ചു. ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും മാത്രമല്ല, സിറിയ, ഇറാൻ, യെമൻ, ലെബനൻ, ഖത്തർ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. ഖത്തറിലെ ആക്രമണം ഇസ്രയേൽ നേതൃത്വത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും എർദോഗാൻ കുറ്റപ്പെടുത്തി.
‘കുട്ടികൾ പട്ടിണി മൂലം മരിക്കുന്ന ലോകത്ത് എങ്ങനെ സമാധാനമുണ്ടാകും’: യു.എന്നിൽ ഇസ്രയേലിനെതിരെ എർദോഗാൻ
September 23, 2025 11:40 pm
