അമേരിക്ക എച്ച് വണ്‍ ബി വീസാ ഫീസ് ഉയര്‍ത്തിയപ്പോള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി

അമേരിക്ക എച്ച് വണ്‍ ബി വീസാ ഫീസ് ഉയര്‍ത്തിയപ്പോള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി

ന്യൂഡല്‍ഹി:  അമേരിക്ക എച്ച് വണ്‍ ബി വീസാ ഫീസ് കുത്തനെ ഉയര്‍ത്തി ഇന്ത്യക്കാരുടെ അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന തടയിടുമ്പോള്‍ ജര്‍മ്മനി  ഇന്ത്യക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് രംഗത്ത്.

വിവിധ തൊഴില്‍ മേഖലയിലേക്ക് ഇന്ത്യക്കാരെ സ്വാഗതം ചെയ്ത്  ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ.ഫിലിപ്പ് അക്കേര്‍മാന്‍ രംഗത്തു വന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു അദ്ദേഹം ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ വിശദീകരിച്ചത്.

സ്ഥിരതയാര്‍ന്ന കുടിയേറ്റ നയങ്ങള്‍കൊണ്ടും ഐടി, മാനേജ്‌മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ കൊണ്ടും ജര്‍മനി വേറിട്ടുനില്‍ക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ എക്‌സില്‍ വ്യക്തമാക്കി.

ജര്‍മനിയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം നേടിയെടുക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ശരാശരി ഇന്ത്യക്കാരന്‍ ശരാശരി ജര്‍മന്‍ തൊഴിലാളിയേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു.

നമ്മുടെ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നാണ് ഈ ഉയര്‍ന്ന ശമ്പളം വാങ്ങുന്നതിന്റെ അര്‍ഥം. ഞങ്ങള്‍ കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും വിശ്വസിക്കുന്നു.

ജര്‍മ്മനിയുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു നേര്‍രേഖയില്‍ പോകും. ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഒരു രാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങള്‍ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Germany welcomes Indians as US hikes H-1B visa fees

Share Email
Top