അലാസ്ക: വ്യാപാര തർക്കങ്ങളും താരിഫ് വിഷയങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമ്പോഴും, സൈനിക സഹകരണം ശക്തിപ്പെടുത്തി ഇരു രാജ്യങ്ങളും. ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസി’ന്റെ ഇരുപത്തിയൊന്നാം പതിപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ സൈനിക സംഘം അലാസ്കയിലെ ഫോർട്ട് വെയ്ൻറൈറ്റിൽ എത്തി. സെപ്റ്റംബർ 1 മുതൽ 14 വരെയാണ് പരിശീലനം നടക്കുന്നത്.
ഇന്ത്യൻ ആർമി സംഘം അലാസ്കയിൽ എത്തിയ വിവരം വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചിട്ടുണ്ട്. സമാധാന ദൗത്യങ്ങൾക്കായി ഇരു സേനകളുടെയും സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് ‘യുദ്ധ് അഭ്യാസ്’ ലക്ഷ്യമിടുന്നത്.
മദ്രാസ് റെജിമെൻ്റിലെ ഒരു ബറ്റാലിയനാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അതേസമയം, യുഎസിനെ പ്രതിനിധീകരിച്ച് ആർട്ടിക് വൂൾവ്സ് ബ്രിഗേഡ് കോംബാറ്റ് ടീമിൻ്റെ കീഴിലുള്ള 11-ാമത് എയർബോൺ ഡിവിഷൻ്റെ ഭാഗമായ സൈനികർ പരിശീലനത്തിൽ അണിനിരക്കും.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ സൈനികാഭ്യാസത്തിൽ ഹെലിബോൺ ഓപ്പറേഷൻസ്, പർവത യുദ്ധം, രക്ഷാപ്രവർത്തനം, മെഡിക്കൽ സഹായം, എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകും. കൂടാതെ, പീരങ്കികൾ, വ്യോമയാനം, ഇലക്ട്രോണിക് യുദ്ധമുറകൾ, ആളില്ലാ വിമാനങ്ങൾ (ഡ്രോണുകൾ) തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പരിശീലനത്തിന്റെ ഭാഗമാകും.
നയതന്ത്ര തലത്തിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും, സൈനിക രംഗത്തെ സഹകരണം ഇരു രാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ സൂചനയാണ് ഈ സംയുക്ത പരിശീലനം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം എത്രത്തോളം ശക്തമാണെന്ന് അടിവരയിടുന്നു.