ഡാളസ് : അമേരിക്കയില്‍ അക്രമി ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ കുടംബത്തിന് കൈത്താങ്ങാവാന്‍ നാടൊരുമിച്ചു. ഡാളസില്‍ മോട്ടലില്‍ വച്ച് കൊല്ലപ്പെട്ട ഇന്ത്യക്കാരനായ മോട്ടല്‍ മാനേജര്‍ ചന്ദ്രമൗലി നാഗമല്ലയ്യയുടെ കുടുംബത്തിന് സഹായത്തിനായി ആരംഭിച്ച ധനസമാഹരണത്തില്‍ മനുഷ്യസ്‌നേഹികള്‍ ഏറെ താല്പര്യത്തോടെ പങ്കാളികളായതോടെ ഇതിനോടകം 2,00,000 ഡോളര്‍ സമാഹരിച്ചു.
നാഗമല്ലയ്യയുടെ ഭാര്യ നിഷയ്ക്കും മകന്‍ ഗൗരവിനും സഹായം നല്‍കാന്‍ വേണ്ടിയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. ഇത് മരണാനന്തര ചടങ്ങുകള്‍ക്കും ഗൗരവിന്റെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനും ഉപയോഗിക്കും. അതേസമയം നാഗമല്ലയ്യയുടെ സംസ്‌കാരം അമേരിക്കന്‍ സമയം ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ടെക്‌സസിലെ ഫ്‌ളവര്‍ മൗണ്ടിലുള്ള ഫാമിലി ഫ്യൂണറല്‍ ഹോമില്‍ നടക്കും.
ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലില്‍ ഈ മാസം പത്തിനാണ് കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ കൊല്ലപ്പെട്ടത്. ക്യൂബയില്‍ നിന്നുള്ള യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് ആണ് കൊലപാതകം നടത്തിയത്. തകരാറിലായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ സഹപ്രവര്‍ത്തകനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസിനോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.
രക്തം പുരണ്ട വസ്ത്രങ്ങളുമായി അടുത്തുള്ള സ്ഥലത്തുനിന്ന് അറസ്റ്റിലായ പ്രതിക്ക് മുന്‍പും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ നാടുകടത്താന്‍ ഉത്തരവിട്ടിരുന്നെങ്കിലും ക്യൂബ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ കഴിഞ്ഞില്ല.
Indian man beheaded in US: Dallas residents extend helping hand to family; $200,000 raised