ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) നേതാവും തമിഴ് നടനുമായ വിജയ് കരൂർ ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെ ഉണ്ടായ മഹാദുരന്തത്തിൽ കടുത്ത വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ. വിജയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ഡി എം കെയും ആവശ്യപ്പെട്ടു. പതിനായിരം പേർക്ക് അനുമതി നൽകിയ റാലിയിൽ ലക്ഷക്കണക്കിന് പേരെ എത്തിച്ചതാണ് അപകടമായെന്നാണ് വിമർശനം. വിജയ്ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു.
അതേസമയം ദുരന്തത്തിൽ അടിയന്തര നടപടികൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകി. 40 ഓളം പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തരമായി സെക്രട്ടേറിയേറ്റിലെത്തിയ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും യോഗം ചേർന്നു. അടിയന്തര ചികിത്സയും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കാൻ മന്ത്രിമാരായ വി സെന്തിൽ ബാലാജിയെയും മാ സുബ്രഹ്മണ്യനെയും നിയോഗിച്ചു. ഇരുവരും നിരവധി കളക്ടർമാരും എം എൽ എമാരും കരൂരിലെത്തി. മുഖ്യമന്ത്രി സ്റ്റാലിനും കരൂരിലേക്ക് തിരിച്ചു. നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ സ്റ്റാലിൻ എത്തുമെന്നാണ് പ്രതീക്ഷ.
ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി സ്റ്റാലിൻ അടിയന്തര നടപടികൾ സ്വീകരിച്ചു. ആശുപത്രികൾക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകി. ജില്ലാ കളക്ടറുമായും എ.ഡി.ജി.പി.യുമായും ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശിച്ചു. സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം അപകടത്തിൽ മരണസംഖ്യ ഉയരുന്നതിൽ അതീവ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 36 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നാണ് വിവരം. മരണസംഖ്യ 40 ആയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 58 പേർ ആശുപത്രിയിലാണെന്നും 12 പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് അപകടത്തിന് ഇരയായവരെ പ്രവേശിപ്പിച്ച കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നും പുറത്തുവരുന്നത്.
മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവികെ റാലിയുടെ ഭാഗമായി വിജയ് എത്തുന്നതറിഞ്ഞ് ആയിരങ്ങളായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിജയ്‌യെ കാണാന്‍ റാലി നടക്കുന്ന പ്രദേശത്ത് എത്തിയിരുന്നു. കനത്ത തിരക്കില്‍ പലരും കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു.
നിശ്ചയിച്ചതിലും വൈകിയായിരുന്നു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആറുമണിക്കൂറോളമാണ് ജനങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്. വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തുന്നത്. ഇതോടെ വിജയ് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. ജനബാഹുല്യം മൂലം അപകട സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്താന്‍ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ നടത്തേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയുടെ സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായാണ് കരൂരിൽ റാലി സംഘടിപ്പിച്ചത്. എന്നാൽ, ലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെ സ്ഥലം ജനസാഗരമായി മാറി. തിക്കും തിരക്കും നിയന്ത്രിക്കാനാകാതെ വന്നതോടെ നിരവധി പേരാണ് ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതിനിടെ വിജയ് തന്റെ പ്രസംഗം താൽക്കാലികമായി നിർത്തി, ജനങ്ങളോട് ശാന്തരാകാനും ആംബുലൻസുകൾക്ക് വഴിനൽകാനും അഭ്യർത്ഥിച്ചു.