വാഷിംഗ്ടൺ: രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം ശക്തമാക്കി. ഭാഗിക സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ ഉൾപ്പെടെയുള്ള രഹസ്യാത്മക വിവരങ്ങളാണ് ഇവർ ആവശ്യപ്പെടുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക സമയത്താണ് തിരഞ്ഞെടുപ്പുകളിൽ ഫെഡറൽ ഇടപെടൽ വർദ്ധിപ്പിക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ ഈ നീക്കം.
കഴിഞ്ഞ ആഴ്ചകളിൽ, യു.എസ്. നീതിന്യായ വകുപ്പിൻ്റെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി ഹർമീത് ധില്ലോൺ സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കത്തയച്ചിരുന്നു. ഈ കത്തുകളിലൂടെ, സംസ്ഥാനങ്ങളിലെ വോട്ടർ രജിസ്ട്രേഷൻ ഡാറ്റാബേസിൻ്റെ പൂർണ്ണമായ പകർപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർമാരുടെ പേര്, ജനനത്തീയതി, വിലാസം, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, അല്ലെങ്കിൽ സോഷ്യൽ സെക്യൂരിറ്റി നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൃത്യമായ വോട്ടർ രജിസ്ട്രേഷൻ രേഖകൾ സൂക്ഷിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്ന ഫെഡറൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ വിവരങ്ങൾ ആവശ്യമാണെന്ന് ഏജൻസി സംസ്ഥാനങ്ങളെ അറിയിച്ചു.