വാഷിംഗ്ടൺ: കോവിഡ്-19 വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫൈസർ അടക്കമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വാക്സിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) “ശിഥിലമാകുകയാണെന്നും” ട്രംപ് ആരോപിച്ചു.
പുതിയ പ്രസ്താവനയിലൂടെ, ട്രംപ് കോവിഡ് വാക്സിൻ വിവാദങ്ങളെ വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ്.
“വിവിധ കോവിഡ് മരുന്നുകളുടെ വിജയം ഡ്രഗ് കമ്പനികൾ പൊതുജനങ്ങൾക്ക് മുന്നിൽ ന്യായീകരിക്കേണ്ടത് അത്യാവശ്യമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ഒരു അത്ഭുതമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ, മറ്റുചിലർക്ക് ഇതിനോട് വിയോജിപ്പുണ്ട്,” ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് കുറിച്ചു.
സിഡിസി ഡയറക്ടർ സൂസൻ മൊണാരെസ് രാജി വെക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ട്രംപ് അവരെ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ഈ പ്രസ്താവന പുറത്തുവന്നത്. കഴിഞ്ഞ ആഴ്ച, നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ ആൻഡ് റെസ്പിറേറ്ററി ഡിസീസസിന്റെ തലവൻ ഡിമെട്രെ ഡസ്കലാക്കിസ് ഉൾപ്പെടെ നാല് മുതിർന്ന സിഡിസി ഉദ്യോഗസ്ഥർ രാജിവെച്ചതും വാർത്തയായിരുന്നു.
ഈ സംഭവവികാസങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് സിഡിസി ശിഥിലമാകുന്നു എന്ന് ട്രംപ് ആരോപിച്ചത്. “ഈ വിഷയത്തിൽ സിഡിസി വേർപിരിയുന്ന സാഹചര്യത്തിൽ, എനിക്ക് ഉത്തരം വേണം, ഇപ്പോൾ തന്നെ വേണം,” ട്രംപ് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. “ഫൈസറിൽ നിന്നും മറ്റ് കമ്പനികളിൽ നിന്നും അസാധാരണമായ ചില വിവരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്, എന്നാൽ ഈ വിവരങ്ങൾ അവർ ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നില്ല. എന്തുകൊണ്ട്??” എന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ ഈ പുതിയ ആവശ്യത്തോട് ഫൈസറോ മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല