തീരാ നോവ്, നടൻ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 മരണം, സ്റ്റാലിൻ സ്ഥലത്ത്

തീരാ നോവ്, നടൻ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 മരണം, സ്റ്റാലിൻ സ്ഥലത്ത്


കരൂർ (തമിഴ്‌നാട്): തമിഴ്‌നാട് വെട്രി കഴകം (TVK) പ്രസിഡൻ്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ പര്യടനത്തിൻ്റെ ഭാഗമായി കരൂരിൽ ശനിയാഴ്ച നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 39 പേർ മരിച്ചു. ഒമ്പത് കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ് 111 പേരാണ് ആശുപതിയിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പുലര്‍ച്ചെ കരൂരിലെത്തി.

സംസ്ഥാനവ്യാപകമായി നടക്കുന്ന രാഷ്ട്രീയ യാത്രയുടെ ഭാഗമായി വിജയ് പ്രസംഗിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. റാലി മുന്നോട്ട് പോവുന്നതിനിടെ, ജനക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീഴുകയും ബോധരഹിതരാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. റാലിയുടെ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

റാലിക്കിടെ ജനക്കൂട്ടം അനിയന്ത്രിതമായി തള്ളിക്കയറിയതോടെ നിരവധി പേർ കുഴഞ്ഞുവീഴുകയും ശ്വാസം മുട്ടുകയും ചെയ്തു. ഉടൻതന്നെ ഇവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും പലരുടെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നിരവധി പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ തമിഴ്‌നാട് സർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. റാലിക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായോ എന്നും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് പിഴവ് സംഭവിച്ചോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പര്യടനത്തിന് താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

കുഴഞ്ഞുവീണവരെ ഉടൻതന്നെ സമീപത്തെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
Top