സൈമണ്‍ വളച്ചേരില്‍
ഹ്യൂസ്റ്റണ്‍: പോരാട്ടം കൈമുതലാക്കിയ കോണ്‍ഗ്രസിന്റെ കരുത്തിന്റെ പ്രതീകമായി മാറി പാലക്കാട്ടു നിന്ന് രണ്ടാം വട്ടവും എംപിയായി ലോക്‌സഭയിലെത്തിയ വി.കെ ശ്രീകണ്ഠനു യുഎസില്‍ ഗംഭീര സ്വീകരണമൊരുക്കുന്നു. സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച സ്വീകരണങ്ങള്‍ നല്കുന്നത്.

കുഞ്ഞിന്‍ നാളില്‍ കെഎസ് യു പ്രവര്‍ത്തകനായി പൊതുരംഗത്ത് കടന്നുവന്ന ശ്രീകണ്ഠന്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി എന്നും നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകനെന്ന പ്രത്യേകതയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന തന്റേടിയായ നേതാവെന്ന പ്രത്യേകതയാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍. നിലപാടുകളില്‍ വളരെ വ്യക്തത പുലര്‍ത്തുന്ന ജനകീയ നേതാവ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനെന്നാണ് പാലക്കാട്ടുകാര്‍ ശ്രീകണ്ഠനെക്കുറിച്ച് പറയാറുള്ളത്.
ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സ്ഥാനം തുടങ്ങി ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.

എം.ബി രാജേഷിലൂടെ ഇടതുകോട്ടയായി മാറിയ പാലക്കാട് ലോക്‌സഭാ സീറ്റ് 2019 ല്‍ വി.കെ ശ്രീകണ്ഠനിലൂടെയാണ് കോണ്‍ഗ്രസിനു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. അഭിപ്രായ സര്‍വേകളിലെല്ലാം എം.ബി രാജേഷ് വിജയിക്കുമെന്നു പറഞ്ഞപ്പോഴും ജനങ്ങളുടെ മനസാക്ഷി തനിക്ക് ഒപ്പമാണെന്നും വിജയം സുനിശ്ചിതമാണെന്നും പറഞ്ഞ വ്യക്തിയായിരുന്നു ശ്രീകണ്ഠന്‍. ഫലം വന്നപ്പോള്‍ അത് കൃത്യമായി. ശ്രീകണ്ഠനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എ. വിജയരാഘവനെ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം വട്ടവും പാര്‍ലമെന്റിലെത്തിയത്.
1993-ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി ശ്രദ്ധേയനായ ശ്രീകണ്ഠന്‍ 2012 ല്‍ കെ.പി.സി.സി സെക്രട്ടറിയായി .ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായി 2016ല്‍ നിയമിതനായ ശ്രീകണ്ഠന്‍ നടത്തിയ പ്രവര്‍ത്തനം വളരെയേറെ ശ്രദ്ദേയമായിരുന്നു. ചുട്ടുപൊള്ളുന്ന വേനലില്‍ ജില്ലയിലെ നഗര ഗ്രാമവ്യത്യാസമില്ലാതെ നൂറുകണക്കിന് കിലോമീറ്റര്‍ പദയാത്ര നടത്തിയാണ് പാലക്കാടിന്റെ അടിത്തട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഉണര്‍വ് സമ്മാനിച്ചത്. ഈ പദയാത്ര ജില്ലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ജനകീയത നല്കി.
തുടര്‍ന്നു വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ശ്രീകണ്ഠന്‍ പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുന്നതും എം.ബി രാജേഷിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന് പാലക്കാട് ലോക്‌സഭാ സീറ്റ് സമ്മാനിച്ചതും. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്‌നങ്ങളില്‍ എപ്പോഴും ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയായിരുന്നു ശ്രീകണ്ഠന്‍.

2000ത്തില്‍ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ അംഗം. തുടര്‍ന്ന് 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഗരസഭാംഗം. നഗരസഭാ പ്രതിപക്ഷനേതാവ് തുടങ്ങിയ പദവി വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവത്തിച്ചു. മുന്‍ വനിതാ കമ്മീഷന്‍ അംഗവും പാലക്കാട് നെന്‍മാറ എന്‍എ്‌സ്എസ് കോളജ് പ്രിന്‍സിപ്പലുമായ കെ.എ. തുളസിയാണ് ഭാര്യ.
വിവിധ പരിപാടികള്‍ക്കായി അമേരിക്കയില്‍ എത്തിയിട്ടുള്ള ശ്രീകണ്ഠനും പത്‌നിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.എ തുളസിക്കും സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആറിന് സ്റ്റാഫോര്‍ഡിലുള്ള എസ്‌ഐയുസിസി ഓഫീസില്‍ വെച്ച് സ്വീകരണം നല്കും. പ്രസിഡന്റ് ജോര്‍ജ് ജോസഫ്, സെക്രട്ടറി ചാക്കോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കും.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വൈകുന്നേരം ഏഴിന് സ്റ്റാഫോര്‍ഡിലുള്ള അപ്‌നാ ബസാര്‍ ഹാളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. പ്രസിഡന്റ് ജസ്റ്റിന്‍ കെ ജേക്കബ്, ജനറല്‍ സെക്രട്ടറി ടോം വിരിപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.
A grand welcome awaits MP V.K. Sreekanthan, the epitome of fighting spirit, in Houston













