ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ ഉപയോഗിച്ച് പൊതുസ്ഥലത്ത് ഭീതി പരത്തിയ ഇന്ത്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 41 വയസ്സുകാരനായ സാഹിൽ റാം തദാനി എന്നയാളാണ് പിടിയിലായത്. ലഹരി ഉപയോഗത്തിന് അടിമയാണെന്ന് സംശയിക്കുന്ന ഇയാൾ, ബാങ്കോക്കിലെ തിരക്കേറിയ സിയാം സ്ക്വയർ പ്രദേശത്ത് ആളുകളെ ഭയപ്പെടുത്തുകയായിരുന്നു. തോക്കിന്റെ രൂപമുള്ള ലൈറ്റർ ചൂണ്ടി അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെ നാട്ടുകാർ ഭീതിയിലായി.
സംഭവം നടന്നത് പാത്തു വാൻ ജില്ലയിലെ സിയാം സ്ക്വയർ മേഖലയിലാണ്. തദാനി, ആളുകൾക്ക് നേരെ ലൈറ്റർ ചൂണ്ടി ഉച്ചത്തിൽ വിളിച്ചുകൂവുകയും അനുചിതമായി പെരുമാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന്, പൊലീസും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ വളരെ വേഗം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സാഹിൽ റാം തദാനി ലഹരി ഉപയോഗത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളിൽ, ഇയാൾ തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ ആളുകൾക്ക് നേരെ ചൂണ്ടുന്നതും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതും വ്യക്തമാണ്. ഇത്തരം പ്രവൃത്തികൾ പൊതുസമൂഹത്തിൽ ഭീതി പരത്തുന്നതിനാൽ, തദാനിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.