വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, രോഗത്തെ പരാജയപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. “ഈ രോഗത്തെ തോൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്നാണ് വിശ്വാസം,” രോഗം സ്ഥിരീകരിച്ചതിന് ശേഷം സിഎൻഎന്നിനോട് സംസാരിക്കവെ ബൈഡൻ പറഞ്ഞു. ചികിത്സയുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു: “കാൻസർ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല, എന്റെ എല്ലുകൾ ശക്തമാണ്, ഇത് ആഴത്തിൽ ബാധിച്ചിട്ടില്ല. അതിനാൽ, എനിക്ക് ആരോഗ്യം തോന്നുന്നു.” ചികിത്സയുടെ ഭാഗമായി ഗുളികകൾ കഴിക്കാൻ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡന്റെ വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചതനുസരിച്ച്, പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയുടെ ഭാഗമായി അദ്ദേഹം നിലവിൽ റേഡിയേഷൻ തെറാപ്പിയും ഹോർമോൺ ചികിത്സയും തുടങ്ങിയിട്ടുണ്ട്. മെയ് മാസത്തിൽ ബൈഡന്റെ പേഴ്‌സണൽ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അദ്ദേഹത്തിന് അതിവേഗം വ്യാപിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചിട്ടുണ്ട്, ഇത് എല്ലുകളിലേക്ക് വ്യാപിച്ചിരുന്നു.
അടുത്ത മാസം 83-ാം വയസിലേക്ക് പ്രവേശിക്കുന്ന മുൻ പ്രസിഡന്റിന്റെ ചികിത്സാ കാലയളവിനെക്കുറിച്ച് വക്താവ് കൂടുതൽ വിവരങ്ങൾ നൽകിയില്ല. പ്രോസ്റ്റേറ്റ് കാൻസർ വളരെ സാധാരണമാണെന്നും, പ്രായമാകുമ്പോൾ പല പുരുഷന്മാരിലും ചെറിയ കാൻസർ കോശങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡന്റെ ചികിത്സയുമായി ബന്ധമില്ലാത്ത യൂറോളജിസ്റ്റും റോബോട്ടിക് സർജനുമായ ഡോ. ജാമിൻ ബ്രഹ്മഭട്ട് മെയ് മാസത്തിൽ അഭിപ്രായപ്പെട്ടു.













