കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മദ്രാസ് ഹൈക്കോടതി, ഐജി അസ്ര ഗാർഗ് നേതൃത്വം നൽകും

കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മദ്രാസ് ഹൈക്കോടതി, ഐജി അസ്ര ഗാർഗ് നേതൃത്വം നൽകും

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. സംഘാടകരെന്ന നിലയിൽ ടിവികെ പ്രവർത്തകരോട് ഉത്തരവാദിത്തമില്ലേയെന്ന് കോടതി ചോദിച്ചു. ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഈ ചോദ്യം ഉയർന്നത്.

സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. വിജയ് 12 മണിക്ക് എത്തുമെന്ന് അറിയിച്ചെങ്കിലും മണിക്കൂറുകളോളം പ്രവർത്തകരെ കാത്തുനിർത്തി, വ്യവസ്ഥകൾ ലംഘിച്ച് 23 കിലോമീറ്റർ റോഡ് ഷോ നടത്തിയതായി പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രവർത്തകർ ക്ഷമയോടെ കാത്തിരിക്കണമെന്ന് ടിവികെ അറിയിച്ചില്ലെന്നും പൊലീസ് ആരോപിച്ചു. അതേസമയം, പാർട്ടി പ്രവർത്തകർ മരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നും ബുസി ആനന്ദ് വാദിച്ചു. പരിപാടി നടന്ന സ്ഥലത്ത് പൊലീസ് സാന്നിധ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ടിവികെ നേതാക്കളുടെ ജാമ്യാപേക്ഷകൾ കോടതി ഉത്തരവിനായി മാറ്റിവച്ചു.

മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതുവരെ തമിഴ്നാട്ടിൽ പൊതുസമ്മേളനങ്ങൾ വിലക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ദേശീയപാതകളിലും പൊതുഇടങ്ങളിലുമുള്ള റോഡ് ഷോകൾക്കാണ് വിലക്ക്. എന്നാൽ, നിശ്ചിത സ്ഥലങ്ങളിലെ പരിപാടികൾക്ക് വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് കുടിവെള്ളം, ആംബുലൻസ്, ടോയ്‌ലറ്റ്, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമാണെന്ന് കോടതി നിർദേശിച്ചു. ദുരന്തത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ഹർജികൾ തള്ളിയ കോടതി, ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി.

Share Email
LATEST
More Articles
Top