ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ദുരന്തം മനുഷ്യനിർമിതമാണെന്നും, കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലം വിട്ടതിനാൽ ഒരു നേതാവിന്റെ ഗുണങ്ങൾ അദ്ദേഹത്തിനില്ലെന്നും കോടതി വിമർശിച്ചു. സ്വന്തം അണികളെ ഉപേക്ഷിച്ച് ഓടിപ്പോയ നേതാവിന്റെ മനോനിലയെ ചോദ്യം ചെയ്ത കോടതി, ഇത്തരം പാർട്ടി എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്നും ആരാഞ്ഞു. ജസ്റ്റിസ് സെന്തിൽകുമാർ, സ്ത്രീകളും കുട്ടികളും മരിച്ചപ്പോൾ ഒരു നേതാവിന് എങ്ങനെ സ്ഥലം വിടാൻ കഴിയുന്നുവെന്നും, ഇത് മൂകസാക്ഷിയായി നോക്കിനിൽക്കാൻ കഴിയാത്ത മനുഷ്യനിർമിത ദുരന്തമാണെന്നും നിരീക്ഷിച്ചു.
വിജയ് സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷനായതിനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ലോകം മുഴുവൻ ഈ ദുരന്തം കണ്ടപ്പോൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയെങ്കിലും, വിജയ് ഖേദപ്രകടനമോ മാപ്പപേക്ഷയോ നടത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം അണികൾ മരിച്ചുകിടക്കുമ്പോൾ ഒരു നേതാവിന് എങ്ങനെ ഉത്തരവാദിത്തം ഉപേക്ഷിക്കാമെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിനെയും കോടതി കുറ്റപ്പെടുത്തി, കേസ് രജിസ്റ്റർ ചെയ്യാൻ എന്താണ് തടസ്സമെന്ന് ആരാഞ്ഞു. വിജയ്ക്കെതിരെ നടപടിയെടുക്കാൻ മടിച്ച സ്റ്റാലിൻ സർക്കാരിന് കോടതിയുടെ വാക്കുകൾ ശക്തമായ സന്ദേശമാണ്.
അതേസമയം, വിജയ് കരൂരിലേക്ക് ഉടൻ എത്തുമെന്നും, മുന്നൊരുക്കങ്ങൾക്കായി 20 അംഗ സമിതി രൂപീകരിക്കണമെന്നും പാർട്ടി യോഗത്തിൽ അറിയിച്ചു. എസ്ഐടി അന്വേഷണം പൂർത്തിയാകുന്നതുവരെ സർക്കാർ കാത്തിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കോടതിയുടെ വിമർശനങ്ങൾ വിജയ്ക്കും ടിവികെ പാർട്ടിക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.