ടെൽ അവീവ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20- ഇന സമാധാന പദ്ധതി നടപ്പാക്കുന്നതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ ഇസ്രായേലി കോൺസൽ അലോൺ പിങ്കാസ്. ഈ കരാർ നെതന്യാഹുവിന് അനാവശ്യമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎൻഎൻ-ന്റെ ‘ദിസ് മോർണിംഗ്’ പരിപാടിയിൽ ഓഡി കോർണിഷുമായി സംസാരിക്കവേ, ട്രംപിന്റെ പദ്ധതി അംഗീകരിക്കാൻ നെതന്യാഹു ‘ഒതുക്കപ്പെടുകയാണ്’ എന്ന് പിങ്കാസ് വ്യക്തമാക്കി.
“ട്രംപ് രണ്ട് തവണ ബോംബിംഗ് നിർത്താൻ ആവശ്യപ്പെട്ടിട്ടും, പ്രസിഡന്‍റിന്‍റെ നിർദേശത്തെ പൂർണമായി അവഗണിച്ച് ഇസ്രായേൽ അത് നടപ്പാക്കിയില്ല,” പിങ്കാസ് പറഞ്ഞു. ട്രംപിന്റെ നിർദേശത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് പ്രവർത്തനക്ഷമമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രേഖയിൽ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിലും വെടിനിർത്തൽ നടപ്പാക്കുന്നത് സാധാരണബോധമാണെന്നും കൂട്ടിച്ചേർത്തു.
ടെൽ അവീവിൽ താമസിക്കുന്ന പിങ്കാസ്, ഇസ്രായേലിലെ പൊതുജനവികാരം ഇപ്പോഴും ആശങ്കയും നിരാശയും നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടു. “ഇത് നിരാശയാണ്. ഇപ്പോഴും ദുരിതമാണ്. ഇപ്പോഴും വേദനയാണ്,” അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ട്രംപിന്റെ നിർദേശം ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്നും, ഇസ്രായേലികൾ യുഎസ് പ്രസിഡന്റിനോടൊപ്പം നിലകൊള്ളുകയാണെന്നും പിങ്കാസ് ചൂണ്ടിക്കാട്ടി. ട്രംപ് വൈറ്റ് ഹൗസിലെത്തിയ ശേഷമുള്ള കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നെതന്യാഹു ബന്ദികളെ മോചിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ, ട്രംപ് കുറഞ്ഞത് ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.