തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിന് പിന്നാലെ, പാഠ്യപദ്ധതിയിൽ ആർ.എസ്.എസ്. നേതാക്കളെ ഉൾപ്പെടുത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണമാണ് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബി.ജെ.പി. നേതാവിന് യാതൊരു ധാരണയുമില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടത് കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടി മാത്രമാണ്. ഇതുകൊണ്ട് കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറവ് വയ്ക്കുമെന്ന് കരുതേണ്ട. മഹാത്മാഗാന്ധിയെ വധിച്ചത് ഗോഡ്‌സെയാണെന്ന ചരിത്രം പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. ഹെഡ്‌ഗേവാറെയും സവർക്കറെയും കുട്ടികളെ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎം ശ്രീ എന്നും, ഡോ. ഹെഡ്‌ഗേവർ, വീര സവർക്കർ എന്നിവരുടെ ചരിത്രം വരെ പാഠ്യവിഷയമാകുമെന്നുമുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചു. ഇത്തരം ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ല. വിദ്യാഭ്യാസ കാര്യത്തിൽ കേരളം ഉയർത്തിപ്പിടിക്കുന്ന പുരോഗമന നിലപാടുകൾക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്നും വി. ശിവൻകുട്ടി അറിയിച്ചു.















