വാഷിംഗ്ടൺ: അമേരിക്കയിലെ ഐഡാഹോയിലുള്ള മൗണ്ടൻ ഹോം വ്യോമസേന താവളത്തിൽ ഖത്തറിന് വേണ്ടി ഒരു പ്രത്യേക എയർഫോഴ്സ് കേന്ദ്രം നിർമ്മിക്കാൻ അനുമതി നൽകിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. ഇവിടെ ഖത്തറി എഫ്-15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും യുഎസ് സൈനികരോടൊപ്പം സംയുക്ത പരിശീലനം നടത്തും. ഖത്തരി പ്രതിരോധ മന്ത്രി സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി പെന്‍റഗണിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഹെഗ്‌സെത്ത് ഇക്കാര്യം അറിയിച്ചത്.
“ഈ കേന്ദ്രത്തിൽ ഖത്തറിന്‍റെ എഫ്-15 വിമാനങ്ങളെയും പൈലറ്റുമാരെയും ഉൾപ്പെടുത്തും. ഇത് നമ്മുടെ സംയുക്ത പരിശീലനവും, പോരാട്ടശേഷിയും, പരസ്പര സഹകരണവും വർദ്ധിപ്പിക്കും” അദ്ദേഹം പറഞ്ഞു. “ഇത് നമ്മുടെ പങ്കാളിത്തത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്. ഞങ്ങളെ നിങ്ങൾക്ക് വിശ്വസിക്കാം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാറ്റോയിതര അറബ് സഖ്യകക്ഷിയായ ഖത്തറിന് സുരക്ഷ ഉറപ്പുനൽകുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ദോഹയിൽ താമസിക്കുന്ന ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സുരക്ഷാ ഉത്തരവ് വന്നതെങ്കിലും, ഖത്തറിനായുള്ള ഈ പ്രത്യേക കേന്ദ്രത്തിന്റെ പദ്ധതി വർഷങ്ങളായി നിലവിലുണ്ടെന്നും മുൻ ഭരണകൂടത്തിന്റെ കാലം മുതൽ ഇത് ആസൂത്രണം ചെയ്തതാണെന്നും വൃത്തങ്ങൾ സിഎൻഎന്നിനോട് വ്യക്തമാക്കി. ഈ കരാർ സാധാരണ നടപടിക്രമം മാത്രമാണെന്നും, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ പങ്കാളി രാജ്യങ്ങൾക്കായി യുഎസ് വ്യോമസേന പതിറ്റാണ്ടുകളായി ഇത്തരം സൗകര്യങ്ങൾ ഒരുക്കാറുണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.









