നോർത്ത് കരോലിനയിൽ ഒരു പാർട്ടിക്ക് നേരെ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. കരോലിന അതിർത്തിക്ക് സമീപം, റാലീയുടെ തെക്ക്-പടിഞ്ഞാറ് ദിശയിൽ ഏകദേശം 95 മൈൽ (150 കിലോമീറ്റർ) അകലെയുള്ള മാക്‌സ്‌ടണിന് പുറത്തുള്ള ഒരു ഗ്രാമീണ പ്രദേശത്തെ പാർട്ടിയിലാണ് വെടിവെപ്പ് ഉണ്ടായത്.
റോബ്‌സൺ കൗണ്ടി ഷെരീഫ് ബേർണിസ് വിൽക്കിൻസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, 13 പേർക്ക് വെടിയേറ്റതായി സ്ഥിരീകരിച്ചു. കൊലപാതക അന്വേഷകരും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിച്ചേർന്നു. ദാരുണമായ സംഭവം മാക്‌സ്‌ടൺ പ്രദേശവാസികൾ ഞെട്ടലിലാണ്. വെടിവെപ്പിന്റെ കാരണങ്ങളെക്കുറിച്ചും കൃത്യം നടത്തിയവരെക്കുറിച്ചും റോബ്‌സൺ കൗണ്ടി കൊലപാതക അന്വേഷകർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













