വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് തുടർച്ചയായി രണ്ടാമത്തെ കഠിനമായ ഇൻഫ്ലുവൻസ സീസണിലേക്ക് കടക്കാനുള്ള സാധ്യതയേറുന്നു. യുകെ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ രോഗവ്യാപനത്തിന് കാരണമായ ‘സബ്‌ക്ലേഡ് കെ’ എന്നറിയപ്പെടുന്ന മ്യൂട്ടേറ്റഡ് വൈറസ് വകഭേദമാണ് ഇപ്പോൾ യുഎസിലും ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ശീതകാലം ഏറെ കഠിനമായിരുന്നു. ഏകദേശം 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഫ്ലൂ ബാധിത ആശുപത്രി പ്രവേശന നിരക്ക് രേഖപ്പെടുത്തി.
കുറഞ്ഞത് 280 കുട്ടികൾക്കെങ്കിലും ഇൻഫ്ലുവൻസ ബാധിച്ച് ജീവൻ നഷ്ടപ്പെട്ടു. 2004ൽ കുട്ടികളുടെ ഫ്ലൂ മരണക്കണക്കുകൾ പരസ്യമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.
ഇപ്പോൾ പുതിയൊരു വകഭേദത്തിന്റെ വരവോടെ കഴിഞ്ഞ വർഷത്തെ അവസ്ഥ ആവർത്തിക്കപ്പെടാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഫ്ലൂ വാക്സിനേഷൻ നിരക്ക് ഗണ്യമായി കുറഞ്ഞതും ഹോളിഡേ സീസണിലെ യാത്രകൾ ആരംഭിക്കാനിരിക്കുന്നതും കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. ഈ വർഷം ഏറെ അമേരിക്കക്കാർ ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നത് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രിസ്‌ക്രിപ്ഷൻ ഡാറ്റാ കമ്പനിയായ IQVIA-യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വർഷത്തിലെ ഈ സമയത്ത് സാധാരണയായി ഉണ്ടാകാറുള്ളതിനെ അപേക്ഷിച്ച് വാക്സിനേഷനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.













