ആഗോള ടെക് കമ്പനികളിൽ പിരിച്ചുവിടൽ തരംഗം തുടരുമ്പോൾ, ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇതുവരെ ഇതിന്റെ ഭാഗമായിരുന്നില്ല. എന്നാൽ ഇപ്പോൾ ആപ്പിളും സെയിൽസ് ഡിവിഷനിൽ ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയിരിക്കുന്നു. ഉപഭോക്താക്കളുമായുള്ള സമ്പർക്കം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആപ്പിൾ വ്യക്തമാക്കി. വളരെ കുറച്ച് ജീവനക്കാരെ മാത്രമേ ഇത് ബാധിക്കുകയുള്ളൂവെന്നും മറ്റ് മേഖലകളിൽ നിയമനങ്ങൾ തുടരുമെന്നും കമ്പനി അറിയിച്ചു. പിരിച്ചുവിടപ്പെട്ടവർക്ക് ആപ്പിളിനുള്ളിൽ തന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാമെന്നും വ്യക്തമാക്കി.
യുഎസ് പ്രതിരോധ വകുപ്പ്, നീതിന്യായ വകുപ്പ് പോലുള്ള സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സെയിൽസ് ടീം അംഗങ്ങളെയാണ് പ്രധാനമായും പിരിച്ചുവിടൽ ബാധിച്ചത്. സർക്കാർ ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ വാണിജ്യ ഉപഭോക്താക്കൾ എന്നിവരെ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ട് മാനേജർമാർ, എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന ബ്രീഫിങ് സെന്ററുകളിലെ ജീവനക്കാർ തുടങ്ങിയവരാണ് ബാധിതർ. എത്രപേരെ പിരിച്ചുവിട്ടുവെന്നോ ഏത് പ്രദേശങ്ങളിലുള്ളവരാണെന്നോ ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. റോയിട്ടേഴ്സ് റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആമസോൺ, വെറിസോൺ, സിനോപ്സിസ്, ഐബിഎം പോലുള്ള കമ്പനികൾ അടുത്തിടെ വൻതോതിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആപ്പിളിന്റെ നടപടി മറ്റ് കമ്പനികളെപ്പോലെ വ്യാപകമല്ലെന്ന് ശ്രദ്ധേയമാണ്. ചെലവ് ചുരുക്കൽ നടപടികളും എഐ അധിഷ്ഠിത പരിഷ്കാരങ്ങളുമാണ് പല കമ്പനികളിലെയും പിരിച്ചുവിടലുകൾക്ക് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ഇതുവരെ ഇത്തരം വ്യാപക നടപടികളിൽ നിന്ന് വിട്ടുനിന്നിരുന്നു.
ഈ പിരിച്ചുവിടൽ ആപ്പിളിന്റെ സെയിൽസ് സ്ട്രാറ്റജിയിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉപഭോക്തൃ സമ്പർക്കം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി ആവർത്തിക്കുന്നു. എന്നാൽ, ടെക് മേഖലയിലെ ആഗോള പ്രവണതയുടെ ഭാഗമായി ആപ്പിൾ കൂടി പിരിച്ചുവിടൽ തരംഗത്തിന്റെ ഭാഗമാകുന്നത് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.













