ഗാസ വെടിനിർത്തൽ: 44 ദിവസത്തിനിടെ ഇസ്രയേൽ 497 തവണ ലംഘിച്ചു, റിപ്പോർട്ട്

ഗാസ വെടിനിർത്തൽ: 44 ദിവസത്തിനിടെ ഇസ്രയേൽ 497 തവണ ലംഘിച്ചു, റിപ്പോർട്ട്

ഗാസ സിറ്റി: യു.എസ്. മധ്യസ്ഥതയിൽ ഒപ്പുവെച്ച ഗാസ വെടിനിർത്തൽ കരാർ ഇസ്രയേൽ 44 ദിവസത്തിനിടെ 497 തവണയെങ്കിലും ലംഘിച്ചതായി ഗാസ സർക്കാർ മീഡിയാ ഓഫീസ് അറിയിച്ചു. 2025 ഒക്ടോബർ 10-ന് കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 342 പേർ സിവിലിയന്മാരാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് ഇരകളിൽ ഭൂരിഭാഗവും എന്നും ഓഫീസ് വ്യക്തമാക്കി. ഇസ്രയേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്നും കരാർ വ്യവസ്ഥകൾ പാലിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഗാസ മീഡിയാ ഓഫീസ് ആവശ്യപ്പെട്ടു.

വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ, ഇസ്രയേൽ സൈന്യം ശനിയാഴ്ച ഗാസയിലുടനീളം നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 24 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ തങ്ങളുടെ അധിനിവേശ പ്രദേശമായ ‘യെല്ലോ ലൈനിന്’ സമീപം ഒരു ഹമാസ് പോരാളി ഇസ്രയേൽ സൈനികരെ ആക്രമിച്ചതിനുള്ള മറുപടിയാണ് ഈ നടപടികളെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ, ഇസ്രായേൽ കെട്ടിച്ചമച്ച കാരണങ്ങൾ പറഞ്ഞ് കരാറിൽ നിന്ന് ഒഴിഞ്ഞുമാറാനും വംശഹത്യയുടെ യുദ്ധം പുനരാരംഭിക്കാനും ശ്രമിക്കുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

അതേസമയം, വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തതുപോലെ ആവശ്യമായ സഹായങ്ങളും മരുന്നുകളും ഗാസയിലേക്ക് തടസ്സമില്ലാതെ എത്തിക്കുന്നത് ഇസ്രയേൽ തുടർന്നും തടയുന്നതായും റിപ്പോർട്ടുകളുണ്ട്.

Share Email
Top