ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) നേതൃത്വത്തിൽ അണിയിച്ചുരുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഈ മാസം എട്ടിന് നടക്കും. എട്ടിനു രാവിലെ ഏഴുമുതൽ മുതൽ വൈകുന്നേരം ആറുവരെയാണ് കാൽപന്തുകളിയുടെ അവിസ്മരണീയത സമ്മാനിക്കുന്ന ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു.
മത്സരങ്ങൾക്ക് 2822 Naill Road, Fresno, TX 77545 എന്ന സ്ഥലം വേദിയാകും. യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കാളികളാകുന്നതോടെ പോരാട്ടത്തിന്റെ വീര്യമേറും. സമൂഹത്തിലെ കായിക പ്രതിഭകൾക്ക് മികച്ച വേദി സൃഷ്ടിക്കുകയും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്പോർട്സ് കോ-ഓർഡിനേറ്റർ മിഖായേൽ ജോയ് (മിക്കി) പറഞ്ഞു.
മാഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയതലത്തിൽ ഫുട്ബോൾ മേള വൻ വിജയമാക്കാനുള്ള ക്രമീകരണങ്ങൾ എല്ലാം സംഘാടകർ പൂർത്തിയാക്കി. വിജയികൾക്ക് ട്രോഫികളും പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിക്കുമെന്ന് സെക്രട്ടറി രാജേഷ് വർഗീസ് വ്യക്തമാക്കി.
മാഗ് നടത്തി വരുന്ന ക്രിക്കറ്റ് ലീഗ് പോലെ, നാഷണൽ സോക്കർ ടൂർണമെന്റും ഒരു ചരിത്ര സംഭവമാകുമെന്ന് ട്രെഷറർ സുജിത് ചാക്കോ അഭിപ്രായപ്പെട്ടു. എല്ലാ കായിക പ്രേമികളെയും വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും കുടുംബസമേതം പങ്കെടുക്കാനാകുന്ന വിനോദവും കായികമനോഭാവവും നിറഞ്ഞ ഒരു സ്പോർട്സ് ദിനമാണ് MAGH ഒരുക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ജോസ് കെ. ജോൺ വ്യക്തമാക്കി.
Mag’s football tournament to be held on November 8th to showcase the magic of football











