ഷിക്കാഗോ: ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച ഷിക്കാഗോയിൽ നടത്തിയ ഓപ്പറേഷനിടെ യുഎസ് ബോർഡർ പട്രോൾ ഏജന്‍റുമാർക്ക് നേരെ ഒരാൾ വെടിയുതിർത്തതായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. എന്നാൽ, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഷിക്കാഗോ പോലീസ് വകുപ്പ് വ്യക്തമാക്കി. കറുത്ത ജീപ്പ് ഓടിച്ചുവന്ന പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾ ഇപ്പോഴും ഒളിവിലാണ്. വെടിവെയ്പ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തതായി ഷിക്കാഗോ പോലീസ് പറഞ്ഞു. “വെടിയേറ്റ് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല,” വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
ഫെഡറൽ ഏജൻ്റുമാർ നടത്തുന്ന തുടർച്ചയായ കുടിയേറ്റ റെയ്ഡുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ലിറ്റിൽ വില്ലേജ് പരിസരത്ത് വെടിവെയ്പ്പ് നടന്നതെന്നാണ് റിപ്പോർട്ട്. ഇത്തരം ഒരു റെയ്ഡിന് ശേഷം പ്രദേശവാസികളുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് ഒരു റോയിട്ടേഴ്സ് ദൃക്‌സാക്ഷി കണ്ടിരുന്നു. ശനിയാഴ്ചത്തെ ഓപ്പറേഷൻ സമയത്ത് പ്രതിഷേധക്കാർ ബോർഡർ പട്രോൾ വാഹനങ്ങൾക്ക് നേരെ പെയിൻ്റ് കാനും ഇഷ്ടികകളും എറിഞ്ഞതായി ഡിഎച്ച്എസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസമായി, ഫെഡറൽ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തടസ്സപ്പെടുത്തലുകളും വർദ്ധിച്ചതായി ഞങ്ങൾ കാണുന്നുവെന്ന് ഏജൻസി എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ഈ ആഴ്ച ആദ്യം ഒരു ഡേ കെയർ സെൻ്ററിൽ ഉൾപ്പെടെ ഷിക്കാഗോയിലും സമീപ പ്രാന്തപ്രദേശങ്ങളിലും റെയ്ഡുകൾ നടന്നിരുന്നു. ഈ ഓപ്പറേഷനുകൾ പ്രതിഷേധങ്ങൾക്കും ചില സന്ദർഭങ്ങളിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കും കാരണമായി.













