ന്യൂയോർക്ക്: നിരവധി യുഎസ് കമ്പനികളെ ഹാക്ക് ചെയ്യാനും ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിന് രണ്ട് പേര്‍ അറസ്റ്റിൽ. ഹാക്കർമാരെ പ്രതിരോധിക്കാൻ കമ്പനികളെ സഹായിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനങ്ങളിലെ രണ്ട് മുൻ ജീവനക്കാരാണ് പിടിയിലായത്. ഈ രണ്ട് പേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. 2023-ൽ ഫ്ലോറിഡയിലെ ഒരു മെഡിക്കൽ ഉപകരണ നിർമ്മാണ സ്ഥാപനം, മേരിലാൻഡിലെ ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനം, വിർജീനിയയിലെ ഒരു ഡ്രോൺ നിർമ്മാതാവ് എന്നിവരുൾപ്പെടെയുള്ള ഇരകൾക്ക് നേരെ ഒരു കുപ്രസിദ്ധ സൈബർ ക്രിമിനൽ സംഘം ഉപയോഗിക്കുന്ന റാൻസംവെയർ വിന്യസിച്ചു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ടെക്സസിലെ റോനോക്കിൽ നിന്നുള്ള കെവിൻ ടൈലർ മാർട്ടിൻ, ജോർജിയയിലെ വാട്കിൻസ് വില്ലെയിൽ നിന്നുള്ള റയാൻ ക്ലിഫോർഡ് ഗോൾഡ്ബെർഗ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. കഴിഞ്ഞ മാസം യുഎസ് സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡയിൽ ഫയൽ ചെയ്ത കുറ്റപത്രം അനുസരിച്ച്, ഭീഷണിപ്പെടുത്തി അന്തർ സംസ്ഥാന വ്യാപാരത്തിൽ ഇടപെടൽ, സംരക്ഷിത കമ്പ്യൂട്ടറിന് മനഃപൂർവം കേടുവരുത്തൽ എന്നിവയുൾപ്പെടെയുള്ള ഫെഡറൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഫ്ലോറിഡ ആസ്ഥാനമായുള്ള മെഡിക്കൽ ഉപകരണ നിർമ്മാണ സ്ഥാപനത്തിൽ നിന്ന് അവരുടെ ഡാറ്റ അൺലോക്ക് ചെയ്യുന്നതിനായി പ്രതികളും പേര് വെളിപ്പെടുത്താത്ത ഒരു സഹ-പ്രതിയും ചേർന്ന് ഏകദേശം 10 ദശലക്ഷം ഡോളർ ആവശ്യപ്പെടുകയും, ഒടുവിൽ ഏകദേശം 1.27 ദശലക്ഷം ഡോളർ കൈപ്പറ്റുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.










