വാഷിംഗ്ടണ്‍: ചൈനയുമായുള്ള അപൂർവ ധാതുക്കളുടെ വിതരണ കരാർ താങ്ക്‌സ്‌ഗിവിംഗ് അവധിക്ക് മുമ്പ് (നവംബർ 27-ന് മുമ്പ്) ഒപ്പിട്ട് പൂർത്തിയാക്കാൻ അമേരിക്ക പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന ട്രംപ്-ഷി കൂടിക്കാഴ്ചയിൽ താൽക്കാലിക ധാരണയുണ്ടായിരുന്നു. ഈ ധാരണപ്രകാരം, പ്രധാന അപൂർവ ധാതുക്കളുടെ കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് നിർത്തിവെക്കാൻ ചൈന സമ്മതിച്ചിരുന്നു.
ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾ തുടങ്ങിയവയിൽ അത്യാധുനിക ഘടകങ്ങൾ നിർമിക്കാൻ ഈ ധാതുക്കൾ അനിവാര്യമാണ്. ലോകത്തിലെ ഈ ധാതുക്കളുടെ ഖനനത്തിലും സംസ്കരണത്തിലും ചൈനയ്ക്കാണ് ആധിപത്യം.
“ഞങ്ങൾ ഇതുവരെ കരാർ പൂർണമായി ഒപ്പിട്ട് നടപ്പാക്കിയിട്ടില്ല,” ബെസെന്റ് വ്യക്തമാക്കി. “എന്നാൽ ദക്ഷിണ കൊറിയയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈന കരാർ പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ബെയ്ജിംഗ് ധാരണയിൽ നിന്ന് പിന്മാറിയാൽ തിരിച്ചടി നൽകാൻ അമേരിക്കയ്ക്ക് ഏറെ മാർഗങ്ങളുണ്ടെന്ന് കടുപ്പമേറിയ ഭാഷയിൽ ബെസെന്‍റ് മുന്നറിയിപ്പ് നൽകി. “ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ട്,” അദ്ദേഹം ആവർത്തിച്ചു.












