ന്യൂയോർക്ക്/കാലിഫോർണിയ: അമേരിക്കയിൽ രേഖകളില്ലാതെ താമസിച്ച് വാണിജ്യ വാഹനങ്ങൾ ഓടിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരടക്കം മൊത്തം 49 പേരെ യുഎസ് ബോർഡർ പട്രോൾ ഏജന്റുമാർ പിടികൂടി. കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ പ്രത്യേക നിരീക്ഷണങ്ങളിലും പരിശോധനകളിലുമാണ് ഇവർ അറസ്റ്റിലായത്. അനധികൃത കുടിയേറ്റക്കാർ വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ നേടി വലിയ ട്രക്കുകൾ ഓടിക്കുന്നത് റോഡ് സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടം കർശന നടപടികൾ ആരംഭിച്ചത്.
നവംബർ 23 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിൽ നടന്ന പരിശോധനകളിലാണ് മൊത്തം 49 പേർ പിടിയിലായത്. ഇതിൽ 30 പേർ ഇന്ത്യൻ വംശജരാണ്. ബാക്കിയുള്ളവർ ചൈന, എൽ സാൽവദോർ, മെക്സിക്കോ, റഷ്യ, തുർക്കി, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റും. കാലിഫോർണിയയിലെ ഹൈവേകളിലും ചെക്ക് പോയിന്റുകളിലും അനധികൃത ട്രക്ക് ഡ്രൈവർമാരെ കണ്ടെത്താൻ ഡിസംബർ 10, 11 തീയതികളിൽ നടന്ന വലിയ തോതിലുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടുന്നു. എൽ സെൻട്രോ സെക്ടറിലെ ഇന്ദിയോ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രധാനമായും ഇതിന് നേതൃത്വം നൽകിയത്.
പിടിയിലായവരുടെ കൈവശമുണ്ടായിരുന്ന ലൈസൻസുകളിൽ 31 എണ്ണം കാലിഫോർണിയയിൽ നിന്നുള്ളതും ബാക്കി ഫ്ലോറിഡ, ന്യൂയോർക്ക്, വാഷിംഗ്ടൺ, ഇല്ലിനോയി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണ്. അടുത്ത കാലത്ത് അമേരിക്കയിൽ ഉണ്ടായ നിരവധി മാരക ട്രക്ക് അപകടങ്ങളിൽ അനധികൃതമായി ലൈസൻസ് സമ്പാദിച്ച കുടിയേറ്റക്കാർ ഉൾപ്പെട്ടിരുന്നതാണ് ട്രംപ് ഭരണകൂടത്തെ ഇത്തരം കർശന നടപടികളിലേക്ക് നയിച്ചത്.
നിയമപരമായ താമസ അനുമതിയില്ലാത്തവർക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്ന സംസ്ഥാനങ്ങൾക്കെതിരെ ഫെഡറൽ ഗവൺമെന്റ് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. കാലിഫോർണിയ പോലുള്ള ‘സാങ്ച്വറി സ്റ്റേറ്റുകൾ’ അമേരിക്കൻ പൗരന്മാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി ആരോപിച്ചു. നിലവിൽ ഏകദേശം 1,90,000 അനധികൃത കുടിയേറ്റക്കാരുടെ ലൈസൻസുകൾ റദ്ദാക്കാനുള്ള പ്രക്രിയകൾ നടന്നുവരികയാണ്. ചില സംസ്ഥാനങ്ങൾ സഹകരിക്കാത്തതിനാൽ അവരുടെ ഫെഡറൽ ഫണ്ടിങ് തടയുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.













