ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ചതിന് ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് 120 ദശലക്ഷം യൂറോ (ഏകദേശം 140 മില്യൺ ഡോളർ) പിഴ ചുമത്തി. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഈ നടപടി വാഷിംഗ്ടണിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കി. ബിഗ് ടെക് കമ്പനികളെ നിയന്ത്രിക്കുന്നതിൽ യൂറോപ്യൻ യൂണിയനുള്ള പ്രതിബദ്ധതയുടെ പരീക്ഷണമായാണ് ഈ ഉന്നതതല അന്വേഷണത്തെ കണ്ടിരുന്നത്. പിഴ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, സെൻസർഷിപ്പ് വഴി യുഎസ് കമ്പനികളെ ആക്രമിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയിരുന്നു.
ബ്രസ്സൽസ് പിഴ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശനവുമായി രംഗത്തെത്തി. “യൂറോപ്യൻ കമ്മീഷന്റെ 140 മില്യൺ ഡോളർ പിഴ എക്സിന് നേരെയുള്ള ആക്രമണം മാത്രമല്ല, വിദേശ ഗവൺമെന്റുകൾ അമേരിക്കൻ ടെക് പ്ലാറ്റ്‌ഫോമുകൾക്കും അമേരിക്കൻ ജനതയ്ക്കും നേരെ നടത്തുന്ന ആക്രമണമാണ്. ഓൺലൈനിൽ അമേരിക്കക്കാരെ സെൻസർ ചെയ്യുന്ന കാലം കഴിഞ്ഞു എന്ന് റൂബിയോ എക്സിൽ പോസ്റ്റ് ചെയ്തു.
ഡിജിറ്റൽ സർവീസസ് ആക്ടിന് കീഴിൽ ഉള്ളടക്കത്തെ ചൊല്ലി യൂറോപ്യൻ കമ്മീഷൻ ഏർപ്പെടുത്തിയ ആദ്യത്തെ പിഴയാണിത്. ഡിഎസ്എയുടെ സുതാര്യതാ ബാധ്യത എക്സ് ലംഘിച്ചുവെന്ന് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. വിശ്വസനീയമെന്ന് അവകാശപ്പെടുന്ന അക്കൗണ്ടുകൾക്കുള്ള ബ്ലൂ ചെക്ക്മാർക്കിന്‍റെ വഞ്ചനാപരമായ രൂപകൽപ്പനയും ഗവേഷകർക്ക് പൊതു ഡാറ്റയിലേക്ക് പ്രവേശനം നൽകുന്നതിൽ പ്ലാറ്റ്‌ഫോം പരാജയപ്പെട്ടതും ലംഘനങ്ങളിൽ ഉൾപ്പെടുന്നു.













