വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഏകദേശം മുപ്പതിനായിരം പേജുകൾ വരുന്ന പുതിയ രേഖകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഈ രേഖകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അടിസ്ഥാനരഹിതമായ’ ആരോപണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് പ്രത്യേകം ചൂണ്ടിക്കാട്ടി. 2020-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്‌ബിഐയ്ക്ക് ലഭിച്ച ചില പരാതികൾ ഈ ഫയലുകളിലുണ്ട്. എന്നാൽ ഇവ കെട്ടിച്ചമച്ചതും യാതൊരു സത്യാവസ്ഥയുമില്ലാത്തതുമാണെന്ന് നീതിന്യായ വകുപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി.
ഈ ആരോപണങ്ങളിൽ അല്പമെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കിൽ അവ ഇതിനകം ട്രംപിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്ന് വകുപ്പ് നിരീക്ഷിച്ചു. ഏത് ആരോപണങ്ങളാണ് തെറ്റെന്ന് വകുപ്പ് വിശദീകരിച്ചിട്ടില്ലെങ്കിലും, സുതാര്യതയ്ക്ക് വേണ്ടിയാണ് ഇവ പുറത്തുവിടുന്നതെന്ന് അവർ അറിയിച്ചു.
കഴിഞ്ഞ മാസം അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ‘എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പേരൻസി ആക്ട്’ പ്രകാരമാണ് ഈ രേഖകൾ വെളിപ്പെടുത്താൻ നീതിന്യായ വകുപ്പ് നിർബന്ധിതരായത്.
രേഖകൾ പുറത്തുവിടുന്നതിലെ കാലതാമസവും അമിത എഡിറ്റിംഗും വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവന്ന ആദ്യ ബാച്ചിലെ പല രേഖകളും വ്യക്തതയില്ലാത്തതാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. എന്നാൽ രേഖകളുടെ വലുപ്പവും ഇരകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതും കണക്കിലെടുത്താണ് തിരുത്തലുകൾ നടത്തിയതെന്നാണ് വകുപ്പിന്റെ ന്യായീകരണം. വരും ദിവസങ്ങളിൽ ഇനിയും ആയിരക്കണക്കിന് പേജുകൾ പുറത്തുവിടാനുണ്ട്.













