ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കായി യുഎസ്എ കെഎംസിസി ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കായി യുഎസ്എ കെഎംസിസി ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

മൊയ്തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാന്‍ പോകുന്ന 2026 ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിപുലമായ രീതിയില്‍ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC).

48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.

മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വിപുലമായ സേവനങ്ങളാണ് കെഎംസിസി ഒരുക്കുന്നത്. മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോക കപ്പ് മത്സരങ്ങള്‍ക്കിടയില്‍ ആരാധകര്‍ നേരിടാന്‍ സാധ്യതയുള്ള യാത്രാ-താമസ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഹെല്‍പ്പ് ഡെസ്‌ക് ലക്ഷ്യമിടുന്നത്.

എയര്‍പോര്‍ട്ട് പിക്ക്-അപ്പ് & ഡ്രോപ്പ് സൗകര്യം, പ്രാദേശിക ഗതാഗത മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍, സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ട്രാവല്‍ പ്ലാനിംഗിനും പിന്തുണ, പ്രാദേശിക സിം കാര്‍ഡുകള്‍, കറന്‍സി എക്‌സ്‌ചേഞ്ച് എന്നിവ ലഭ്യമാക്കാനുള്ള സഹായം, ടിക്കറ്റ് സംബന്ധമായ വിവരങ്ങളും സ്റ്റേഡിയങ്ങളിലേക്കുള്ള റൂട്ട് മാപ്പും, 24 മണിക്കൂറും ലഭ്യമാകുന്ന എമര്‍ജന്‍സി സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയവയാണ് പ്രധാനമായും ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭ്യമാക്കുക.

പ്രവാസ ലോകത്തെ മലയാളി കരുത്ത് ലോക കപ്പ് വേളയില്‍ സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. യുഎസ്എ & കാനഡ കെഎംസിസി പ്രസിഡന്റും വേള്‍ഡ് കെഎംസിസി ട്രഷററുമായ *യു.എ നസീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ എത്തുന്ന മലയാളികള്‍ക്ക് ഒത്തൊരുമയോടെയുള്ള പിന്തുണ നല്‍കാന്‍ കെഎംസിസി സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ക്ക് പുറമെ ഡോ. അബ്ദുല്‍ അസീസ് (ന്യൂയോര്‍ക്ക്), ഹനീഫ് എരഞ്ഞിക്കല്‍ (ന്യൂജെഴ്സി), കുഞ്ഞു പയ്യോളി (ലോസ് ഏഞ്ചല്‍സ്), ഇബ്രാഹിം കുരിക്കള്‍ (ടൊറന്റോ), വാഹിദ് പേരാമ്പ്ര (കാനഡ), ഷബീര്‍ നെല്ലി (ടെക്‌സസ്), മുഹമ്മദ് ഷാഫി (സാന്‍ഫ്രാന്‍സിസ്‌കോ), തയ്യിബ ഇബ്രാഹിം (ടൊറന്റോ) തുടങ്ങിയവര്‍ക്ക് പുറമെ എഐകെഎംസിസി ഭാരവാഹികളായ കുഞ്ഞിമോന്‍, നൗഷാദ്, ഡോ. അമീറലി, അന്‍വര്‍ നഹ (യുഎഇ കെഎംസിസി) ഷിയാസ് സുല്‍ത്താന്‍, ഷെഫീഖ്, നസീം പുളിക്കല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ലോക കപ്പ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം.

വിശദ വിവരങ്ങള്‍ക്ക് യുഎസ്എ കെഎംസിസി യുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.kmccusa.com സന്ദര്‍ശിക്കുക.
ഇ-മെയില്‍: usakmcc@gmail.com


FIFA World Cup 2026: USA KMCC launches help desk for Malayali football enthusiasts

Share Email
LATEST
More Articles
Top