പ്രസിഡന്റ് ട്രംപിന്റെ ബോൾറൂം നിർമാണം തടസ്സപ്പെടുത്തുന്നത് വൈറ്റ് ഹൗസിന്റെ സുരക്ഷയെ ബാധിക്കും; കോടതിയെ അറിയിച്ച് സീക്രട്ട് സർവീസ്

പ്രസിഡന്റ് ട്രംപിന്റെ ബോൾറൂം നിർമാണം തടസ്സപ്പെടുത്തുന്നത് വൈറ്റ് ഹൗസിന്റെ സുരക്ഷയെ ബാധിക്കും; കോടതിയെ അറിയിച്ച് സീക്രട്ട് സർവീസ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കോംപ്ലക്സിൽ നിർമിച്ചുവരുന്ന വൻകിട ബോൾറൂം പദ്ധതിയുടെ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കുന്നത് പ്രസിഡന്റിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് സീക്രട്ട് സർവീസ് കോടതിയിൽ വ്യക്തമാക്കി. നിർമാണം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതി അടിയന്തര വാദം കേൾക്കുന്നതിനിടെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർമാണത്തിലെ തടസ്സത്തെ എതിർത്ത് ഈ വാദം ഉന്നയിച്ചിരിക്കുന്നത്.

നിർമാണ മേഖലയ്ക്ക് ചുറ്റുമുള്ള താൽക്കാലിക സുരക്ഷാ സംവിധാനങ്ങൾ പൂർത്തീകരിക്കാൻ കരാറുകാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രവൃത്തി ഇപ്പോൾ തടസ്സപ്പെടുത്തിയാൽ ഈ സുരക്ഷാ വലയം അപൂർണമായി തുടരുമെന്നും അത് പ്രസിഡന്റിനും വൈറ്റ് ഹൗസിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും സീക്രട്ട് സർവീസിന്റെ നിയമപരമായ സംരക്ഷണ ചുമതലയെ തടയുമെന്നും ക്വിൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രധാന ചരിത്ര സംരക്ഷണ സംഘടനയായ ‘നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ’ ആണ് പ്രസിഡന്റ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്. കോൺഗ്രസിന്റെ അനുമതിയോ നാഷണൽ ക്യാപിറ്റൽ പ്ലാനിംഗ് കമ്മീഷന്റെ പരിശോധനയോ ഇല്ലാതെ നടത്തുന്ന ഈ നിർമാണം നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം. വൈറ്റ് ഹൗസിന്റെ ചരിത്രപരമായ ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റിയാണ് 90,000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ബോൾറൂം നിർമിക്കുന്നത്.

Share Email
LATEST
More Articles
Top