ടോക്കിയോ: 2011-ലെ ഫുകുഷിമ ആണവ ദുരന്തത്തിനു ശേഷം അടച്ചിട്ട ലോകത്തെ ഏറ്റവും വലിയ ആണവോർജ്ജ കേന്ദ്രമായ കാശിവാസാക്കി-കാരിവ നിലയം വീണ്ടും പ്രവർത്തിപ്പിക്കാൻ ജപ്പാൻ അനുമതി നൽകി. നിലയം സ്ഥിതിചെയ്യുന്ന നീഗറ്റ പ്രിഫെക്ചറിലെ നിയമസഭ തിങ്കളാഴ്ചയാണ് ഇതിനുള്ള നിർണായക വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയത്. ഫോസിൽ ഇന്ധനങ്ങളോടുള്ള അമിത ആശ്രയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്റെ ഈ തീരുമാനം. ഫുകുഷിമ ദുരന്തത്തിനു ശേഷം 14 വർഷത്തിലേറെയായി ഈ പ്ലാന്റ് പ്രവർത്തനരഹിതമായി കിടന്നിരുന്നു. നിലയത്തിലെ ഏഴ് റിയാക്ടറുകളിൽ ആറാമത്തേത് ജനുവരി 20-ഓടെ പ്രവർത്തനസജ്ജമാക്കാനാണ് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (ടെപ്കോ) ലക്ഷ്യമിടുന്നത്.
2011-ൽ ഉണ്ടായ ശക്തമായ ഭൂചലനത്തിനും സുനാമിക്കും പിന്നാലെ ഫുകുഷിമ ഡായിച്ചി പ്ലാന്റിൽ സംഭവിച്ച ആണവ ചോർച്ചയെത്തുടർന്ന് ജപ്പാനിലെ 54 ആണവ റിയാക്ടറുകളും അടച്ചുപൂട്ടിയിരുന്നു. 1986-ലെ ചെർണോബിൽ ദുരന്തത്തിനു ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ ആണവ അപകടമായിരുന്നു അത്. ടോക്കിയോയിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി ഹോൺഷു ദ്വീപിന്റെ തീരത്താണ് ഈ ഭീമൻ നിലയം സ്ഥിതിചെയ്യുന്നത്.
നിലയം വീണ്ടും പ്രവർത്തിപ്പിക്കുന്നതിനെതിരെ നീഗറ്റയിലെ തദ്ദേശവാസികൾക്കിടയിൽ ശക്തമായ എതിർപ്പ് തുടരുന്നു. 300-ഓളം ആളുകൾ നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. എന്നാൽ, 15 മീറ്റർ ഉയരമുള്ള സുനാമി പ്രതിരോധ ഭിത്തിയും ആധുനിക ബാക്കപ്പ് വൈദ്യുതി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നും ടെപ്കോ ഉറപ്പേകുന്നു. 2050-ഓടെ കാർബൺ ന്യൂട്രൽ രാജ്യമാകാൻ ലക്ഷ്യമിടുന്ന ജപ്പാൻ, 2040-ഓടെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 20 ശതമാനം ആണവോർജ്ജത്തിൽ നിന്ന് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.













