ഷാർലറ്റ്: നോർത്ത് കരോലിനയിലെ ഷാർലറ്റിൽ യാത്രാ ട്രെയിനിനുള്ളിൽ വെച്ച് ഒരാളെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ 33 വയസുള്ള ഓസ്കാർ സോളോർസാനോക്കെതിരെ പോലീസ് കേസെടുത്തു. ചാർലറ്റ്-മെക്ലെൻബർഗ് പോലീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രെയിൻ യാത്രക്കാരനെ വലിയ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനെത്തുടർന്ന് സോളോർസാനോക്കെതിരെ കൊലപാതകശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി.
ആക്രമണത്തിനിരയായയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുന്നു. സോളോർസാനോ അനധികൃതമായി യുഎസിൽ കഴിയുന്ന വ്യക്തിയാണെന്നും മുമ്പ് ഇയാളെ നാടുകടത്തിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റിൻ്റെ ഫയലിംഗ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാകുന്നതുവരെ ഇയാൾക്ക് ജാമ്യമില്ലാതെ തടങ്കലിൽ കഴിയേണ്ടിവരും. അറസ്റ്റ് വാറണ്ടിൽ, ഇയാൾ ഏറ്റുമുട്ടലുണ്ടായ സമയത്ത് ലഹരി ബാധിച്ചതായി കാണപ്പെട്ടുവെന്നും ഇരയെ പ്രകോപിപ്പിച്ച് വഴക്കിന് കാരണമാക്കിയെന്നും പറയുന്നു. കോടതി രേഖകളിൽ ഇയാൾക്കുവേണ്ടി അഭിഭാഷകരെ ആരെയും രേഖപ്പെടുത്തിയിട്ടില്ല.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സംഭവത്തിൽ തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിൽ പ്രതികരിച്ചു. പ്രാദേശിക നേതൃത്വത്തെ വിമർശിച്ച ട്രംപ്, സംഭവത്തെ കുടിയേറ്റ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി. “നോർത്ത് കരോലിനയിലെ ഷാർലറ്റിൽ അനധികൃത കുടിയേറ്റക്കാരൻ നടത്തിയ മറ്റൊരു ആക്രമണം. ഷാർലറ്റിൽ എന്താണ് സംഭവിക്കുന്നത്? ഡെമോക്രാറ്റുകൾ മറ്റെല്ലാത്തിനെയും പോലെ ഇതിനെയും നശിപ്പിക്കുകയാണ്, കഷ്ണം കഷ്ണമായി!!!” ട്രംപ് കുറിച്ചു.













