തിരുപ്പിറവിയുടെ മാനുഷിക ഭാവം

തിരുപ്പിറവിയുടെ മാനുഷിക ഭാവം

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)

”സ്വര്‍ഗത്തില്‍ നിന്നു അവതീര്‍ണ്ണനായ മനുഷ്യപുത്രന്‍ ഒഴികെ
ആരും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല. അവന്റെ ഗേഹം സ്വര്‍ഗമാകുന്നു
തന്റെ ഏകജാതനെ നല്‍കാന്‍ കത്തവിധം അത്ര കണ്ട് ദൈവം
ലോകത്തെ സ്‌നേഹിച്ചു…”
(യോഹ. 3:13, 16)

ദൈവിക വ്യക്തിയോട് അഭ്യേദ്യം ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യപുത്രന്‍ എന്ന പദം ഈശോയുടെ മാനുഷിക സ്വഭാവത്തെയാണ് കാണിച്ചു തരുന്നത്. തന്റെ ശിഷ്യന്മാര്‍ തന്നെ ദൈവപുത്രനായി മനസ്സിലാക്കിയ വേളയിലാണ് കര്‍ത്താവ് മനുഷ്യപുത്രനെന്ന നാമം കൊണ്ട് സ്വയം ആദ്യമായി വിശേഷിപ്പിച്ചത്.

ക്രിസ്മസ് ദൈവത്തിന്റെ മനുഷ്യാവതാര ദിവസമാണ്. എന്നാല്‍ ഈ അവതാരം ഏതെങ്കിലുമൊരു വര്‍ഗ്ഗത്തിനുവേണ്ടിയുള്ളതല്ല. ലോകത്തിനാകമാനമുള്ള ബലിയാണ്. ക്രിസ്മസ് സന്ദേശം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ക്രൈസ്തവര്‍ ചുറ്റുപാടുമുള്ള നാനാജാതി മതസ്ഥര്‍ക്കുവേണ്ടിയും യാഗമായി തീരേണ്ടതാണ്. ഓരോരുത്തരും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന ഒരു അവസ്ഥാവിശേഷം വരുമ്പോഴാണ് യേശു ജനിച്ചപ്പോള്‍ മാലാഖമാര്‍ പാടിയ, ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സമാധാനം’ എന്ന ഗാനത്തിന് പ്രസക്തിയേറുന്നത്. ഇത് ദൈവത്തിന്റെ മഹത്വത്തെയും ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള അവന്റെ പദ്ധതിയെയും കുറിക്കുന്ന പ്രാര്‍ത്ഥനാ ഗാനമാണ്. സകലജനത്തിനുമുള്ള സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമായിട്ടാണ് മാലാഖമാര്‍ ഈശോയുടെ ജനനത്തെക്കുറിച്ച് പാടിയത്.

”അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” എന്ന് ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം 14-ാം വാക്യം പറയുന്നു. ക്രിസ്മസിന്റെ സന്ദേശം തന്നെ ദിവ്യമായ ആനന്ദവും സമാധാനവും നല്‍കുന്നതാണ്. ദൈവപുത്രനായ യേശുവിലൂടെ ലോകം മുഴുവന്‍ എന്നേക്കും നിലനില്‍ക്കുന്ന പൂര്‍ണമായ സമാധാനം നല്‍കപ്പെടുന്നു. യേശുവില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ദൈവത്തിന്റെ കൃപയാല്‍ സമാധാനം അനുഭവിച്ചറിയാനാകുമെന്ന് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. യുദ്ധങ്ങളൊന്നും ഇല്ലാത്ത കൊള്ളയും കൊള്ളിവയ്പ്പും അക്രമങ്ങളും കൊലവിളികളും ഇല്ലാത്ത അവസ്ഥ മാത്രമല്ല ഈ സമാധാനം, ദൈവ ഹിതത്തിനനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക് മാത്രം ഉള്ളിന്റെയുള്ളില്‍ ലഭിക്കുന്ന ഒരു സമാധാനമാണ് മുഖ്യം.

ക്രിസ്മസ് ദിനത്തില്‍ ദൈവം മനുഷ്യാവതാരം ചെയ്താണ് ലോകത്തിന് പ്രത്യക്ഷപ്പെട്ടത്. അതിനുമുമ്പ് ദൈവകുമാരന്‍ മറിയത്തിന്റെ ഉദരത്തില്‍ ഉരുവാകുമ്പോള്‍ അവള്‍ അവിടുത്തേയ്ക്ക് കാലുകളും കര്‍ണങ്ങളും കരങ്ങളും സഹനത്തിനാസ്പദമായ ശരീരവും നല്‍കുന്നു. റോസാപ്പൂവിന്റെ ദളങ്ങളില്‍ മഞ്ഞുതുള്ളി ഇടവിട്ടു വീഴുന്നു. ദളങ്ങള്‍ അവയെ വാരിപ്പുണരുന്നു. ശക്തി സംഭരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേയ്ക്കിറങ്ങി വന്നതായി പഴയ നിയമം വരച്ചുകാട്ടുന്ന ദൈവകുമാരനെ ദിവ്യസ്‌നേഹത്തിന്റെ റോസാപുഷ്പമായ മറിയം വാരിപ്പുണരുന്നു. സര്‍വശക്തനില്‍ നിന്ന് ശക്തി സ്വീകരിക്കുന്നു. അവസാനം വിശുദ്ധ കുര്‍ബാനയുടെ നിക്ഷേപച്ചെപ്പില്‍ നിന്നു ദിവ്യകാരുണ്യം എന്നതുപോലെ അവിടുന്നു ഭൂജാതനാകുന്നു. അവള്‍ ലോകത്തിലേയ്ക്ക് കടന്നു വന്ന അതിഥിയെ എന്നോണം, സര്‍വശക്തനായ അവിടുത്തെ കരങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മറിയത്തിന്റെ മനസ്സ് മൗനമായ ഭാഷയില്‍ ഇങ്ങനെ പറഞ്ഞിരിക്കാം…”ഇതാ ദൈവത്തിന്റെ കുഞ്ഞാട്… ഇവന്‍ ഈ ലോകത്തിന്റെ പാപങ്ങളെല്ലാം സംവഹിക്കും…”എന്ന്.

അതേ, ഭൂമിയിലെ മനുഷ്യരുടെ പാപങ്ങള്‍ തുടച്ചൊഴുക്കിക്കളയാന്‍ അവതരിച്ച യേശു സഹനം വഴി ആ മഹത്വത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്ത വേളയില്‍ ഈശോ തന്റെ ശരീരമാകുന്ന വസ്ത്രം ഉരിഞ്ഞു കളഞ്ഞില്ല. എല്ലാ മനുഷ്യര്‍ക്കും ഭാവിമഹത്വത്തിനു മാതൃകയാകേണ്ടത് അവിടുന്നു ധരിച്ച മനുഷ്യ സ്വഭാവത്തിന്റെ ആധാരമായ ശരീരമാണത്. മനുഷ്യ ജീവിത പങ്കാളിത്തത്തിലൂടെ അവിടുന്നു ഈ മനുഷ്യ സ്വഭാവം തന്നിലേയ്ക്ക് സ്വാംശീകരിച്ചു. ഈശോയുടെ മനുഷ്യാവതാരവും സ്വര്‍ഗാരോഹണവും തമ്മില്‍ അഭേദ്യവും അതിഗഹനവുമായ ബന്ധമാണുള്ളത്. മനുഷ്യവതാരത്തില്‍ അവിടുന്നു മനുഷ്യസ്വഭാവം സ്വീകരിച്ചു. അത് പീഡാനുഭവത്തിനും മാനവകുലരക്ഷയ്ക്കും ഉപകരണമായി. മരണത്തോളം മിശിഹായെ എളിമപ്പെടുത്തിയ അതേ മനുഷ്യ സ്വഭാവം സ്വര്‍ഗാരോഹണത്തിലൂടെ മഹത്വത്തിലേയ്ക്ക് മിശിഹായെ പ്രവേശിപ്പിച്ചു.

ക്രിസ്തുമസ് ദിനം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. ലോകമെമ്പാടുമുള്ള വീടുകളില്‍ പ്രകാശവും സമാധാനവും നിറയ്ക്കപ്പെടുന്നു. സന്മനസ്സുള്ളവരായി, എളിമയുള്ളവരായി, എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരായി ഈശോയെ സ്വീകരിക്കാനുള്ള കൃപയ്ക്കായി, ഉണ്ണീശോ നല്‍കുന്ന ക്രിസ്മസിന്റെ സന്തോഷം ഉള്‍ക്കൊള്ളാനായി, അതു അനുനിമിഷം മറ്റുള്ളവര്‍ക്കു പങ്കുവച്ചുകൊടുക്കാനുള്ള അനുഗ്രഹത്തിനായി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം…

‘നേര്‍കാഴ്ച’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സ്‌നേഹത്തിന്റെയും സമഭാവനയുടെയും തൂവെണ്‍മ പ്രസരിപ്പിക്കുന്ന ക്രിസ്മസ് മംഗളാശംസകള്‍ ഹൃദയപൂര്‍വം നേരുന്നു…

”മെറി ക്രിസ്മസ്…”

NERKAZHCHA extends Christmas greetings to dear all – Happy Christmas

Share Email
Top