ഡിസൈനിൽ വരെ ട്രംപിന്‍റെ ഐഡിയ, ചൈനയെ പ്രതിരോധിക്കാൻ ‘ട്രംപ് ക്ലാസ്’ യുദ്ധക്കപ്പലുകൾ: അമേരിക്കൻ നാവികസേനയിൽ പുതിയ യുഗം

ഡിസൈനിൽ വരെ ട്രംപിന്‍റെ ഐഡിയ, ചൈനയെ പ്രതിരോധിക്കാൻ ‘ട്രംപ് ക്ലാസ്’ യുദ്ധക്കപ്പലുകൾ: അമേരിക്കൻ നാവികസേനയിൽ പുതിയ യുഗം

ഫ്ലോറിഡ: അമേരിക്കൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അത്യാധുനികമായ ‘ട്രംപ് ക്ലാസ്’ യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മിയാമിയിലെ മാർ-എ-ലാഗോയിൽ വെച്ചാണ് അദ്ദേഹം ഈ പുതിയ പടക്കപ്പലുകളുടെ രൂപരേഖ പുറത്തിറക്കിയത്. കാലഹരണപ്പെട്ട കപ്പലുകൾക്ക് പകരം അമേരിക്കൻ സൈനികാധിപത്യം ലോകമെമ്പാടും ഉറപ്പാക്കാൻ ഈ കപ്പലുകൾ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 1992-ൽ ഐയവ ക്ലാസ് കപ്പലുകൾ വിരമിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്ക ഒരു പുതിയ ‘ബാറ്റിൽഷിപ്പ്’ ക്ലാസ് വികസിപ്പിക്കുന്നത്.

പൂർണ്ണമായും അമേരിക്കയിൽ നിർമ്മിക്കുന്ന ഈ കപ്പലുകൾക്ക് 30,000 മുതൽ 40,000 ടൺ വരെ ഭാരമുണ്ടാകും. നിലവിലെ ആർലീ ബർക്ക് ക്ലാസ് ഡിസ്ട്രോയറുകളേക്കാൾ മൂന്നിരട്ടി വലിപ്പമായിരിക്കും ഇവയ്ക്ക്. ഹൈപ്പർസോണിക് മിസൈലുകൾ, ഇലക്ട്രോമാഗ്നറ്റിക് റെയിൽ ഗണ്ണുകൾ, അത്യാധുനിക ലേസർ സംവിധാനങ്ങൾ, ന്യൂക്ലിയർ മിസൈലുകൾ എന്നിവ ഈ കപ്പലുകളിൽ സജ്ജീകരിക്കും. ട്രംപിന്‍റെ പുതിയ നാവിക നയമായ ‘ഗോൾഡൻ ഫ്ലീറ്റിന്റെ’ ഭാഗമായിരിക്കും ഈ കപ്പലുകൾ. ചൈന ഉൾപ്പെടെയുള്ള എതിരാളികളെ പ്രതിരോധിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ വിഭാഗത്തിലെ ആദ്യ കപ്പലിന് യുഎസ്എസ് ഡിഫയന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. കപ്പലുകളുടെ നിർമ്മാണത്തിലും ഡിസൈനിലും താൻ നേരിട്ട് ഇടപെടുമെന്ന് ട്രംപ് വ്യക്തമാക്കി. “ഞാൻ സൗന്ദര്യബോധമുള്ള വ്യക്തിയാണ്, ഈ കപ്പലുകൾ ലോകത്തിലെ ഏറ്റവും ഭംഗിയുള്ളതും മാരകവുമായ യുദ്ധക്കപ്പലുകളായിരിക്കും,” അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ രണ്ട് കപ്പലുകൾ നിർമ്മിക്കാനാണ് പദ്ധതി. ഭാവിയിൽ ഇത്തരം 20 മുതൽ 25 വരെ കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ അമേരിക്കയിലെ കപ്പൽ നിർമ്മാണ വ്യവസായം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

Share Email
LATEST
More Articles
Top