വാഷിംഗ്ടൺ: വെനിസ്വേലയിലെ നിക്കോളാസ് മഡുറോ സർക്കാരുമായുള്ള നിലവിലെ സാഹചര്യം അസഹനീയമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. മഡുറോയുടെ കുടുംബാംഗങ്ങൾക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഡുറോ ഭരണകൂടം അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും റൂബിയോ ആരോപിച്ചു.
കഴിഞ്ഞ നാല് മാസമായി കരീബിയൻ കടലിലും പസഫിക് മഹാസമുദ്രത്തിലും വെനിസ്വേലൻ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിവരുന്ന സൈനിക നീക്കം കൂടുതൽ ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈ ആക്രമണങ്ങളിൽ ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിലാണ് അമേരിക്ക ഈ ആക്രമണങ്ങൾ നടത്തുന്നതെങ്കിലും, മഡുറോ സർക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്ന് വെനിസ്വേല കുറ്റപ്പെടുത്തുന്നു.
വെനിസ്വേലയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വെനിസ്വേലയിലേക്കും പുറത്തേക്കും പോകുന്ന എല്ലാ എണ്ണക്കപ്പലുകൾക്കും അമേരിക്ക പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. മഡുറോയുടെ സഹോദരഭാര്യയും മറ്റ് അടുത്ത ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേരെയാണ് ഏറ്റവും ഒടുവിൽ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ മഡുറോയുടെ കുടുംബാംഗങ്ങളുടെയും ബിസിനസ് പങ്കാളികളുടെയും അമേരിക്കയിലുള്ള സ്വത്തുവകകൾ മരവിപ്പിക്കുകയും അവർക്ക് വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾക്ക് തടസ്സം നേരിടുകയും ചെയ്യും.












