വാഷിംഗ്ടൺ: യുക്രൈൻ – റഷ്യ സമാധാന ചർച്ചകളിൽ റഷ്യക്ക് മേൽക്കൈയുണ്ടെന്നും അവർക്ക് കൂടുതൽ ശക്തമായ വിലപേശൽ സ്ഥാനമുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഇനി കാര്യങ്ങൾ അംഗീകരിച്ചുതുടങ്ങേണ്ട സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊളിറ്റിക്കോയുടെ “ദി കോൺവേഴ്സേഷൻ” പരിപാടിയിൽ ഡാഷാ ബേൺസുമായി ഇന്നലെ നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ നിലപാട് വെളിപ്പെടുത്തിയത്.
“നിങ്ങൾ തോൽക്കുന്ന സമയത്ത് കൂടുതൽ ശ്രദ്ധയോടെ ഇരിക്കണം, കാര്യങ്ങൾ സ്വീകരിച്ചുതുടങ്ങണം,” ട്രംപ് പറഞ്ഞു. യുക്രെയ്ന് യുദ്ധത്തിൽ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന്, അവർക്ക് ധാരാളം ഭൂപ്രദേശം നഷ്ടമായെന്നും അത് തീർച്ചയായും വിജയമായി വിശേഷിപ്പിക്കാനാവില്ലെന്നും ട്രംപ് മറുപടി നൽകി. അതേസമയം, തന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കുമെന്ന് സൂചിപ്പിച്ചതിനോട് ട്രംപ് പൂർണമായി യോജിച്ചില്ല. “അത് ശരിയല്ല, പക്ഷേ പൂർണമായും തെറ്റുമല്ല,” അദ്ദേഹം പറഞ്ഞു.
“റഷ്യയുമായുള്ള കാര്യങ്ങൾ എളുപ്പമല്ല, കാരണം റഷ്യക്ക് വലിയ മുൻതൂക്കമുണ്ട്, എപ്പോഴും അങ്ങനെയായിരുന്നു. അവർ കൂടുതൽ വലുതാണ്. ആ അർത്ഥത്തിൽ അവർ ഏറെ ശക്തരാണ്,” ട്രംപ് വിശദീകരിച്ചു. “യുക്രെയ്നിലെ ജനങ്ങളുടെയും സൈനികരുടെയും ധൈര്യത്തിനും പോരാട്ടവീര്യത്തിനും ഞാൻ വലിയ അഭിനന്ദനം അർപ്പിക്കുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ വലിപ്പം തന്നെയാകും സാധാരണയായി വിജയം നേടുക,” ട്രംപ് കൂട്ടിച്ചേർത്തു.













