വാഷിംഗ്ടൺ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അനുശോചനം അറിയിച്ചു. ഓസ്‌ട്രേലിയൻ ജനതയ്ക്കും ആക്രമണത്തിന് ഇരയായവർക്കുമായി തന്റെ പ്രാർത്ഥനകളും സ്നേഹവും അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഈ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജൂത വിരുദ്ധ മനോഭാവത്തോടെ നടത്തിയ ഈ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിലാണ് ട്രംപ് അപലപിച്ചത്. 15 പേരുടെ ജീവൻ അപഹരിച്ച ഈ ആക്രമണം ഇസ്‌ലാമിക് സ്റ്റേറ്റ്ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയതാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീവ്ര ഇസ്‌ലാമിക ഭീകരവാദമെന്ന വിപത്തിനെതിരെ ലോകരാഷ്ട്രങ്ങൾ കക്ഷിഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്നും ഇത്തരം തിന്മയുടെ ശക്തികളെ ഇല്ലാതാക്കാൻ താൻ എപ്പോഴും ജൂത ജനതയ്ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരം 25-ഓളം പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭീകരവാദത്തിനെതിരെ അമേരിക്ക ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഓസ്‌ട്രേലിയ പോലുള്ള സഖ്യകക്ഷികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതീവ സുരക്ഷാ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പൊതു ചടങ്ങുകളിൽ ജാഗ്രത പാലിക്കണമെന്നും മതപരമായ ആഘോഷങ്ങൾ ഭയമില്ലാതെ നടത്താൻ സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.













