ഒരു ഭീമൻ എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ട്രംപ്, ഇതുവരെ പിടിച്ചതിൽ ഏറ്റവും വമ്പൻ; വെനസ്വേലക്കെതിരെ കടുപ്പിച്ച് നീക്കങ്ങൾ

ഒരു ഭീമൻ എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ട്രംപ്, ഇതുവരെ പിടിച്ചതിൽ ഏറ്റവും വമ്പൻ; വെനസ്വേലക്കെതിരെ കടുപ്പിച്ച് നീക്കങ്ങൾ

വാഷിംഗ്ടൺ: വെനസ്വേലൻ തീരത്തോട് ചേർന്ന് യുഎസ് സേന ഒരു ഭീമൻ എണ്ണ ടാങ്കർ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിക്കോളാസ് മഡുറോ ഭരണകൂടത്തിനെതിരായ അമേരിക്കൻ സമ്മർദ്ദം കൂട്ടുന്ന നിർണായക നീക്കമാണിത്. “ഞങ്ങൾ ഇപ്പോൾ വെനസ്വേലൻ തീരത്ത് ഒരു ടാങ്കർ പിടികൂടി. വളരെ വലുതാണ്, വാസ്തവത്തിൽ ഇതുവരെ പിടിച്ചെടുത്തവയിൽ ഏറ്റവും വലുത്” – ട്രംപ് പറഞ്ഞു.

വെനസ്വേലയെയും ഇറാനെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന നിയമവിരുദ്ധ എണ്ണക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായി യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലാണിതെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമാക്കി. ഹെലികോപ്റ്ററിൽ നിന്ന് സായുധ സേനാംഗങ്ങൾ കപ്പലിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ അവർ എക്സിൽ പങ്കുവെച്ചു. എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, യുഎസ് കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത നീക്കമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടപ്പാക്കിയത്.

യാത്രാവിലക്ക് ലംഘിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവും നോബൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ ഓസ്ലോയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ഓപ്പറേഷൻ നടന്നത്. ട്രംപ് കപ്പൽ പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല, “വളരെ നല്ല കാരണത്താൽ” ഇത് ചെയ്തുവെന്ന് മാത്രം ആവർത്തിച്ചു. ടാങ്കറിലുണ്ടായിരുന്ന എണ്ണയ്ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി: “ഞങ്ങൾ അത് എടുക്കും എന്നാണ് തോന്നുന്നത്.”

Share Email
Top