ട്രംപിന്റെ അംഗീകാരം നൽകുന്നത് പുതിയ കരുത്ത്; ദക്ഷിണ കൊറിയൻ നാവികസേനയിലേക്ക് ആണവ അന്തർവാഹിനികൾ

ട്രംപിന്റെ അംഗീകാരം നൽകുന്നത് പുതിയ കരുത്ത്; ദക്ഷിണ കൊറിയൻ നാവികസേനയിലേക്ക് ആണവ അന്തർവാഹിനികൾ

സോൾ: ലോകത്തിലെ അതിശക്തമായ നാവികപ്പടകളുടെ പട്ടികയിലേക്ക് ദക്ഷിണ കൊറിയയും ചേക്കേറുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പിന്തുണയോടെ ആണവ അന്തർവാഹിനികൾ സ്വന്തമാക്കാനുള്ള നിർണ്ണായക നീക്കത്തിലാണ് രാജ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ന്യൂക്ലിയർ സബ്മറൈൻ എലൈറ്റ്’ ക്ലബ്ബിലെ ഏഴാമത്തെ അംഗമായി ദക്ഷിണ കൊറിയ മാറും.

നിലവിൽ ഡീസൽ എൻജിനുകളിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളാണ് ദക്ഷിണ കൊറിയ ഉപയോഗിക്കുന്നത്. ഇവയ്ക്ക് വെള്ളത്തിനടിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ലെന്ന പോരായ്മയുണ്ട്. എന്നാൽ ആണവ അന്തർവാഹിനികൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ തന്നെ തുടരാനും ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനും സാധിക്കും. കൊറിയൻ ഉപദ്വീപിന് ചുറ്റുമുള്ള ചൈനീസ്, വടക്കൻ കൊറിയൻ നീക്കങ്ങളെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ ഇത് ദക്ഷിണ കൊറിയയെ സഹായിക്കും.

ഈ തീരുമാനം അമേരിക്കയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പസഫിക് മേഖലയിൽ ദക്ഷിണ കൊറിയയുടെ കരുത്ത് വർദ്ധിക്കുന്നതോടെ, മേഖലയിലെ അമേരിക്കൻ നാവികസേനയുടെ ഭാരം കുറയും. പകരം തായ്‌വാൻ കടലിടുക്ക്, തെക്കൻ ചൈനാ കടൽ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമേരിക്കൻ സേനയ്ക്ക് സാധിക്കും. കൂടാതെ, ഈ അന്തർവാഹിനികളുടെ നിർമ്മാണം അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും നിർമ്മാണ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Share Email
LATEST
More Articles
Top