അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: യു.എസ്.എ U-17 വോളിബോള്‍ താരം ഷോണ്‍ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു. മൗണ്ട് പ്രോസ്പെക്റ്റില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും ഞീഴൂര്‍ അറക്കപ്പറമ്പില്‍ സനീഷ് അനീറ്റ ദമ്പതികളുടെ മകനുമാണ് യു.എസ്.എ U-17 വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഷോണ്‍ ജോണ്‍.
നവംബര്‍ 30 ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ ഷോണിനെയും കുടുംബത്തെയും ഇടവക സമൂഹത്തിന്റെ മുന്‍പില്‍ അഭിനന്ദിക്കുകയും ഷോണിനെ പോക്കണ്ട നല്‍കി സ്വീകരിക്കുകയും ചെയ്തു. നവംബര്‍ 18 മുതല്‍ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയില്‍ നടക്കുന്ന NORCECA ബോയ്‌സ് U17 കോണ്‍ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയെ ഷോണ്‍ പ്രതിനിധീകരിച്ചിരുന്നു.
ചിക്കാഗോ KCYLഅംഗമായ ഷോണ്‍ ജോണിന്റെ വോളിബോള്‍ യാത്ര ആരംഭിച്ചത് 2022-ല്‍ KCS ചിക്കാഗോ ആരംഭിച്ച ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ക്യാമ്പിലൂടെയായിരുന്നു. തുടര്‍ന്ന് റിവര്‍ ട്രെയില്‍സ് മിഡില്‍ സ്‌കൂള്‍ ടീമില്‍ കളിച്ച ഷോണ്‍ ടീമിനെ തുടര്‍ച്ചയായി രണ്ട് വര്‍ഷം അജയ്യരാക്കി, തുടര്‍ന്ന് സെവന്‍ത് ഗ്രേഡിലും 8ത് ഗ്രേഡിലും സ്‌കൂളിന് ആദ്യമായി കോണ്‍ഫറന്‍സ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
2023-ല്‍, ഷോണ്‍ ചിക്കാഗോ പ്രദേശത്തെ പ്രമുഖ വോളീബോള്‍ ക്ലബ്ബ്കളില്‍ ഒന്നായ Mod Vollyball club , Northbrook ല്‍ ചേര്‍ന്നു, അവരുടെ എലിറ്റ് ടീമില്‍ സ്ഥാനം നേടി. 2025 ജൂലൈയില്‍ ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന AAU നാഷണല്‍ ക്ലബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയത് അദ്ദേഹത്തിന്റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. ഹൈസ്‌കൂള്‍ തലത്തിലും ഷോണ്‍ മികച്ച പ്രകടനം തുടരുകയും ആര്‍ലിംഗ്ടണ്‍ ഹൈറ്റ്‌സിലെ ജോണ്‍ ഹെര്‍സി ഹൈസ്‌കൂളിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായിട്ടും അദ്ദേഹം വാര്‍സിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെടും ചെയ്തു.
വെറും പതിനഞ്ചാമത്തെ വയസ്സില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കായിക താരമായി വളരുവാന്‍ ഷോണിന് സാധിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായി വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. ടീം സെലക്ഷന് മുന്നോടിയായുള്ള ക്യാമ്പില്‍ പങ്കെടുക്കുവാന്‍ പോകുന്നതിന് മുന്‍പായി താന്‍ ചെറുപ്പകാലം മുതല്‍ സ്ഥിരമായി വന്നിരുന്ന ഇടവക ദൈവാലയത്തിലേക്ക് എത്തിയതും, വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു ഒരുങ്ങി യാത്രയായതും അദ്ദേഹം ഓര്‍മ്മിച്ചു. മുന്നോട്ടുള്ള യാത്രയില്‍ സെന്റ് മേരീസ് ഇടവകയുടെ പേരിലുള്ള എല്ലാ ഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.
വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെന്‍പുര, ഫാ. ജോസഫ് പുതുപ്പറമ്പില്‍, സെക്രട്ടറി സിസ്റ്റര്‍ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, ട്രഷറര്‍ ജെയിംസ് മന്നാകുളത്തില്‍ എന്നിവര്‍ സ്വീകരണത്തിന് ചുക്കാന്‍ പിടിച്ചു.
USA U-17 volleyball player Shawn Arakaparambil was honored by St. Mary’s Parish in Chicago.













