കാരക്കാസ്: വെനിസ്വേലൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം കടലിൽ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുടെ ‘കടൽക്കൊള്ള’ നേരിടാൻ വെനിസ്വേലയ്ക്ക് പൂർണ്ണ പിന്തുണയുമായി ഇറാൻ. വെനിസ്വേലൻ വിദേശകാര്യമന്ത്രി ഇവാൻ ഗില്ലും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും ശനിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ സഹായം വാഗ്ദാനം ചെയ്തത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അമേരിക്കൻ നടപടിക്കെതിരെ എല്ലാ മേഖലകളിലും വെനിസ്വേലയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെനിസ്വേലയിൽ നിന്നുള്ള രണ്ട് എണ്ണക്കപ്പലുകളാണ് അമേരിക്കൻ നാവികസേന കരീബിയൻ കടലിൽ വെച്ച് പിടിച്ചെടുത്തത്. ഏറ്റവും ഒടുവിൽ, ശനിയാഴ്ച പുലർച്ചെ ‘സെഞ്ച്വറീസ്’ എന്ന കപ്പൽ യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വെനിസ്വേലയിലേക്കും പുറത്തേക്കും പോകുന്ന എല്ലാ എണ്ണക്കപ്പലുകൾക്കും പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടി അമേരിക്ക ശക്തമാക്കിയത്.
വെനിസ്വേലയുടെ പ്രകൃതിവിഭവങ്ങൾ കവർന്നെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഇവാൻ ഗിൽ കുറ്റപ്പെടുത്തി. അമേരിക്കൻ ഉപരോധത്തെ മറികടക്കാൻ റഷ്യയും ഇറാനും ചൈനയുമായാണ് വെനിസ്വേല നിലവിൽ വ്യാപാര ബന്ധം പുലർത്തുന്നത്. മേഖലയിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ തമ്പടിച്ചിരിക്കുന്നത് വരും ദിവസങ്ങളിൽ വലിയ സൈനിക നീക്കങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്ക ലോകരാഷ്ട്രങ്ങൾക്കുണ്ട്.












