പെൻസിൽവേനിയ: താനൊരു ‘ഗൂഢാലോചന സിദ്ധാന്തക്കാരൻ’ ആണെന്ന വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന്റെ പരാമർശത്തിന് മറുപടിയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. താൻ ചിലപ്പോഴൊക്കെ അത്തരത്തിലുള്ള വിശ്വാസങ്ങൾ പുലർത്താറുണ്ടെന്നും എന്നാൽ അവ സത്യമാണെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണെന്നും വാൻസ് പറഞ്ഞു. പെൻസിൽവേനിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താനും സൂസി വൈൽസും തമ്മിൽ സ്വകാര്യ സംഭാഷണങ്ങളിലും പൊതുവേദികളിലും ഈ വിഷയത്തെക്കുറിച്ച് തമാശരൂപേണ സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലെ കോവിഡ് മഹാമാരിയുടെ സമയത്ത് മൂന്ന് വയസ്സുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് താൻ വിശ്വസിച്ചിരുന്നു. അതൊരു ‘ക്രേസി കോൺസ്പിറസി തിയറി’ ആയിട്ടാണ് അന്ന് പലരും കണ്ടിരുന്നത്. എന്നാൽ കുട്ടികളുടെ ഭാഷാപരമായ വളർച്ചയ്ക്ക് അത് തടസ്സമാകുമെന്ന തന്റെ വാദം പിന്നീട് ശരിയാണെന്ന് തെളിഞ്ഞതായി വാൻസ് അവകാശപ്പെട്ടു. ഇത്തരം സിദ്ധാന്തങ്ങൾ പലപ്പോഴും ആറുമാസങ്ങൾക്ക് ശേഷം മാധ്യമങ്ങൾ സത്യമാണെന്ന് സമ്മതിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ജോ ബൈഡന് തന്റെ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കില്ലെന്ന വസ്തുത സർക്കാരും മാധ്യമങ്ങളും ചേർന്ന് മറച്ചുവെക്കുകയാണെന്ന് താൻ വിശ്വസിച്ചിരുന്നു. രാഷ്ട്രീയമായ സംവാദങ്ങളിലൂടെ എതിരാളികളെ നേരിടുന്നതിന് പകരം, ജോ ബൈഡൻ തന്റെ രാഷ്ട്രീയ ശത്രുക്കളെ ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണെന്ന ഗൂഢാലോചന സിദ്ധാന്തത്തിലും താൻ ഉറച്ചുനിൽക്കുന്നുവെന്ന് വാൻസ് പറഞ്ഞു. സൂസി വൈൽസിനെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് പിന്തുണച്ച വാൻസ്, വൈറ്റ് ഹൗസിനുള്ളിലെ ആഭ്യന്തര ചർച്ചകളെ മാധ്യമങ്ങൾ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി.













