നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ ഫണ്ടിങ് തടയുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന് വൈറ്റ് ഹൗസിന്റെ താക്കീത്

നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ ഫണ്ടിങ് തടയുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന് വൈറ്റ് ഹൗസിന്റെ താക്കീത്

വാഷിംഗ്ടൺ: ലോകപ്രസിദ്ധമായ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന് ലഭിച്ചുവരുന്ന ഫെഡറൽ ഫണ്ടിങ് തടസ്സപ്പെടുത്തുമെന്ന കർശനമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. മ്യൂസിയങ്ങളിലെ എക്സിബിഷനുകളിലും ഉള്ളടക്കത്തിലും ഭരണകൂടം ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സാമ്പത്തിക സഹായം നിർത്തലാക്കുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഭരണകൂടത്തിന്റെ വിപുലമായ പുനഃപരിശോധനയുമായി സ്മിത്സോണിയൻ പൂർണമായി സഹകരിക്കാത്തതാണ് ഈ നടപടിക്ക് കാരണം.

കഴിഞ്ഞ വ്യാഴാഴ്ച സ്മിത്സോണിയൻ സെക്രട്ടറി ലോണി ബഞ്ച് മൂന്നാമന് അയച്ച കത്തിൽ, ഫണ്ടുകൾ അനുവദിക്കൽ പ്രസിഡന്റ് ട്രംപിന്റെ മാർച്ചിലെ എക്സിക്യൂട്ടീവ് ഓർഡറിന് അനുസൃതമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മ്യൂസിയങ്ങളിലെ പ്രദർശനങ്ങളിൽ നിന്ന് വിഭാഗീയത സൃഷ്ടിക്കുന്ന വിവരണങ്ങൾ, വംശീയ അടിസ്ഥാനത്തിലുള്ള ആശയങ്ങൾ തുടങ്ങിയവ ഒഴിവാക്കുകയും പകരം അമേരിക്കൻ മഹത്വത്തെ പ്രകീർത്തിക്കുന്ന ഉള്ളടക്കങ്ങൾ ചേർക്കുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.

സ്മിത്സോണിയന്റെ കീഴിലുള്ള 21 മ്യൂസിയങ്ങളും നാഷണൽ സൂവും ‘റസ്റ്റോറിംഗ് ട്രൂത്ത് ആൻഡ് സാനിറ്റി ടു അമേരിക്കൻ ഹിസ്റ്ററി’ എന്ന എക്സിക്യൂട്ടീവ് ഓർഡർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയാണ് ട്രംപ് നിയോഗിച്ചിരിക്കുന്നത്. മ്യൂസിയങ്ങളിലെ ഗാലറി ലേബലുകൾ, ഭാവി എക്സിബിഷൻ പ്ലാനുകൾ, കലാസൃഷ്ടികൾ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ആന്തരിക ആശയവിനിമയങ്ങൾ എന്നിവ സമർപ്പിക്കാൻ ഓഗസ്റ്റിൽ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെപ്റ്റംബറിൽ സ്മിത്സോണിയൻ നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്ന് ഭരണകൂടം കുറ്റപ്പെടുത്തുന്നു. മുഴുവൻ വിവരങ്ങളും കൈമാറാൻ 2026 ജനുവരി 13 വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

Share Email
LATEST
Top