മിയാമി: സംഘർഷ മേഖലകളായ ഗാസയിലും യുക്രൈനിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ഗാസയിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിനായി ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം മിയാമിയിൽ കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന്റെ ഒന്നാം ഘട്ടത്തിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് രണ്ടാം ഘട്ട ചർച്ചകൾക്ക് മുൻഗണന നൽകുന്നത്. ഹമാസിന്റെ നിരായുധീകരണം, സമാധാന ബോർഡിന്റെ അംഗത്വം, അന്താരാഷ്ട്ര സ്ഥിരത സേനയുടെ വിന്യാസം തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളാണ് പ്രധാനമായും ചർച്ചാവിഷയമാകുന്നത്.
മേഖലയിലെ നിർണ്ണായക ശക്തികളായ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി, ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുന്ന പ്രധാന നയതന്ത്ര പ്രതിനിധികൾ. ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇവർ നടത്തുന്ന ഇടപെടലുകൾ അതീവ പ്രധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
ഒന്നാം ഘട്ട വെടിനിർത്തലിന് ശേഷം പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെയും ഇസ്രായേൽ സൈന്യത്തിന്റെയും റിപ്പോർട്ടുകൾ പ്രകാരം ഇരുഭാഗത്തും ആളപായങ്ങൾ ഉണ്ടായ സാഹചര്യത്തിൽ, രണ്ടാം ഘട്ടം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.
ഗാസയ്ക്ക് പുറമെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും വിറ്റ്‌കോഫിന്റെ നേതൃത്വത്തിൽ സജീവമായി നടക്കുന്നുണ്ട്. റഷ്യൻ സാമ്പത്തിക പ്രതിനിധി കിറിൽ ദിമിത്രീവുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. ഈ ആഴ്ച ബെർലിനിൽ അമേരിക്കയും യുക്രൈനും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകളുടെ ഫലങ്ങൾ വിറ്റ്‌കോഫ് റഷ്യൻ പ്രതിനിധിയെ അറിയിക്കും. ഇതിന് പിന്നാലെ യുക്രൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റസ്റ്റം ഉമറോവുമായും അദ്ദേഹം സംസാരിക്കും. ഈ കൂടിക്കാഴ്ചകളിൽ ഖത്തറി പ്രതിനിധികളും ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേസമയം രണ്ട് വൻയുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ സജീവമായ നയതന്ത്ര നീക്കങ്ങളാണ് മിയാമിയിലെ ഈ കൂടിക്കാഴ്ചകളിലൂടെ വ്യക്തമാകുന്നത്.













